ഓണം; നാട്ടുകാരെ 'പൂസാക്കാന്‍' വ്യാജന്‍ തയാറെടുക്കുന്നു
വാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് എക്‌സൈസ് സംഘം രംഗത്ത്
നിലമ്പൂര്‍: ഓണം അടുത്തതോടെ ആദിവാസി കോളനികള്‍ കേന്ദ്രീകിച്ചും, വനമേഖല കേന്ദ്രീകരിച്ചും വ്യാജ മദ്യ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നതായി വിവരം. കുടിയന്‍മാര്‍ കൂട്ടത്തോടെ വ്യാജ ചാരായം തേടി പോകുന്നത് വന-മലയോര മേഖലകളില്‍ പതിവു കാഴ്ചയാവുകയാണ്. വാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ എക്‌സൈസ് സംഘവും വല വിരിച്ച് കാത്തിരിക്കുകയാണ്.
പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് ഇത്തവണ വകുപ്പ് ഓണ റെയ്ഡിനിറങ്ങുന്നത്. പൊലിസും, വനം വകുപ്പും, എക്‌സൈസ് സംഘത്തെ സഹായിക്കാനുണ്ടാകും. ജില്ലയില്‍ കരുളായി, മുണ്ടേരി വനമേഖലകള്‍, വഴിക്കടവ്, മൂത്തേടം, ചാലിയാര്‍, അമരമ്പലം, കരുവാരക്കുണ്ട്, ചോക്കാട് പഞ്ചായത്തുകളിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വാറ്റ് സംഘങ്ങള്‍ സജീവമാണ്. കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പ്രദേശങ്ങളായ നായാടംപൊയില്‍, കക്കാടംപൊയില്‍ എന്നിവിടങ്ങളിലും വാറ്റ് സംഘങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്.
ബിവറേജില്‍ നിന്നും വാങ്ങുന്ന മദ്യത്തില്‍ മറ്റു ചേരുവകള്‍ കലര്‍ത്തി പുതിയ വാറ്റ് മദ്യം ഉണ്ടാക്കുന്ന മാഫിയയും സജീവമാവുകയാണ്. ഇതിനെ തുടര്‍ന്ന് വ്യാജ ചാരായ വില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഗ്ലാസൊന്നിന് അന്‍പത് മുതല്‍ തൊണ്ണൂറു രൂപ വരെയാണ് വില്‍പനക്കാര്‍ വാങ്ങുന്നത്. അപരിചിതരില്‍ നിന്നാണ് പണം കൂടുതലായി വാങ്ങുന്നത്. കുടിക്കാനെത്തിയവരില്‍ ചിലര്‍ കുപ്പിയില്‍ വാങ്ങിയും സ്റ്റോക്ക് ചെയ്യുന്നുണ്ട്. വീടുകള്‍, ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പുഴയോരങ്ങള്‍, ആദിവാസി കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ചാരായ വില്‍പന സജീവമായിരിക്കുകയാണ്. എക്‌സൈസ് റെയ്ഡ് വിവരം മുന്‍കൂട്ടി അറിയിക്കാന്‍ ആളുകളുള്ളതിനാല്‍ തങ്ങളെ പിടിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വില്‍പനക്കാര്‍. മലയോര മേഖലയിലെ ചാരായ നിര്‍മാതാക്കള്‍ ആവശ്യക്കാര്‍ക്ക് വീര്യം പകരാനുള്ള ചാരായം തയാറാക്കുന്നതില്‍ ഇവര്‍ മുഴുകിയിരിക്കുകയാണ്.
വഴിക്കടവിലെ മരുത, ശങ്കരന്‍കോട്, കാരക്കോട് തുടങ്ങിയ പ്രദേശങ്ങളെല്ലാം വ്യാജ ചാരായ നിര്‍മാണത്തിന് പേരുകേട്ട സ്ഥലങ്ങളാണ്. ഇവിടെ കുടില്‍ വ്യവസായമായി ചാരായം വാറ്റുന്ന സംഘങ്ങളും നിരവധിയാണ്. ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മിക്കുന്ന ചാരായങ്ങള്‍ക്ക് പുതിയ പേരുകള്‍ ചാര്‍ത്തി മദ്യപരില്‍ നിന്നും കൂടുതല്‍ തുകയും ഇവര്‍ ഈടാക്കാറുണ്ട്. വഴിക്കടവിനു പുറമെ ചാലിയാര്‍, എടക്കര, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ പഞ്ചായത്തുകളിലെ വനമേഖലകളില്‍ വാറ്റുന്ന ചാരായം സമീപങ്ങളിലെ വീടുകളിലും പുഴയോരങ്ങളിലും വാഴത്തോട്ടത്തിലുമൊക്കെയായാണ് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നത്.
ഇതിനുപുറമെ പത്ത് ലിറ്റര്‍ വീതമുള്ള കന്നാസുകളിലാക്കി ഓട്ടോറിക്ഷകളിലും ബൈക്കുകളിലും പുറം ലോകത്തെത്തിക്കുന്നതിനും സംവിധാനമൊരുക്കുന്നുണ്. സര്‍ക്കാര്‍ വക ബിവറേജസില്‍ നിന്നും കൂടുതല്‍ മദ്യം വാങ്ങി പല കൂട്ടുകളും ചേര്‍ത്ത് ചില കൂള്‍ബാര്‍ ഉടമകള്‍ നിലമ്പൂരിലും പരിസര പഞ്ചായത്തുകളിലും യഥേഷ്ടം കച്ചവടം നടത്തിവരുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇവ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് ഓട്ടോറിക്ഷകളിലാണ്. ആദിവാസികള്‍ക്കും ബിവറേജസില്‍ നിന്ന് മദ്യം എത്തിച്ചു കൊടുക്കുന്നതില്‍ മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലിസ് പറയുന്നു. ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. അതേസമയം എക്‌സൈസ് ഇത്തവണ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ വനമേഖലകളിലും കോളനികളിലും റെയ്ഡ് നടത്തും. വ്യാജമദ്യം പൂര്‍ണമായും തടയാന്‍ നാട്ടുകാരുടെ സഹകരണവും എക്‌സൈസ് വകുപ്പ് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."