പൊലിസിന്റെ സുരക്ഷാവീഴ്ച 'തുണച്ചു'; ഒരാള്‍ക്ക് ജീവന്‍ തിരികെക്കിട്ടി!
ചങ്ങരംകുളം: എ.ഡി.ജി.പിയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ പൊലിസിനു വീഴ്ചസംഭവിച്ചതു മധ്യവയ്കനു തുണയായി. റോഡപകടത്തില്‍പെട്ട അയാള്‍ക്കു പൊലിസിന്റെ ഇടപെടല്‍ കാരണം ജീവന്‍ തിരിച്ചുകിട്ടി. ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പാലത്തിനടുത്താണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ട് ദക്ഷിണ മേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്റെ എസ്‌കോര്‍ട്ടിനു പോയ കുറ്റിപ്പുറം അഡീഷ്ണല്‍ എസ്.ഐ ചന്ദ്രശേഖരനും സംഘവും അശ്രദ്ധമൂലം മറ്റൊരു വി.ഐപി വാഹനത്തിനാണ് എസ്‌കോര്‍ട്ട് പോയത്. തിരുവന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന എ.ഡി.ജി.പിയെ സ്വീകരിക്കാന്‍ ജില്ലാ അതിര്‍ത്തിയായ കോലിക്കരയില്‍ കാത്തുനിന്ന പൊലിസ് സംഘത്തിനാണ് ആളുമാറി ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജിന് എസ്‌കോര്‍ട്ട് പോയത്.
തെറ്റു മനസിലാക്കി കുറ്റിപ്പുറത്തുനിന്നു തിരികെ പുറപ്പെട്ട പൊലിസ് സംഘം എത്തുന്നതിനു മുന്‍പു കോലിക്കര വിട്ട എ.ഡി.ജി.പി എടപ്പാള്‍ കടന്നിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം പൊലിസിനോടും കുറ്റിപ്പുറം പൊലിസിനോടും എസ്.പി ഓഫിസില്‍ നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായി. ഇതിനായി പോകുമ്പോഴാണ് ബൈക്കപകടത്തില്‍ പരുക്കേറ്റ് റോഡില്‍ക്കിടന്ന മധ്യവയസ്‌കനെ ചങ്ങരംകുളം പൊലിസ് രക്ഷിച്ചത്.
പുലര്‍ച്ചെ ആറോടെയാണ് റോഡില്‍ കിടക്കുന്ന മധ്യവയസ്‌കനെയും സമീപത്തിരുന്നു കരയുന്ന ഭാര്യയെയും പൊലിസ് കാണുന്നത്.
പൊലിസ് ഇടപെട്ട് ഇവരെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചങ്ങരംകുളം പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി മനേഷ്, സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ ആല്‍ബര്‍ട്ട്, പൊലിസുകാരായ ഉദയന്‍, വിനോദ്, എന്നിവരടങ്ങുന്ന സംഘമാണ് നരിപ്പറമ്പ് സ്വദേശി ശശിയെ ആശുപത്രിയലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."