ശ്രീജന്‍ അഴിമതി: പ്രതികളിലൊരാള്‍ മരിച്ചു
ഭഗല്‍പൂര്‍(ബിഹാര്‍): ബിഹാറിലെ 1500 കോടി രൂപയുടെ ശ്രീജന്‍ അഴിമതിക്കേസിലെ പ്രതികളിലൊരാള്‍ മരിച്ചു. മുഖ്യപ്രതി മഹേഷ് മണ്ഡല്‍ ആണ് മരിച്ചത്. ഭഗലാപൂര്‍ ആശുപത്രിയില്‍വെച്ചായിരുന്നു മരണം.
അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച പ്രതിപക്ഷം രംഗത്തെത്തി.
സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മഹേഷിന്റെ മരണമെന്നതാണ് സംശയത്തിനിട നല്‍കുന്നത്. അഴിമതിയില്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ത്തി പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ മഹേഷിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും വൃക്ക തകരാറിലായിരുന്നെന്നമാണ് അധികൃതര്‍ പറയുന്നത്.
സുശീല്‍ മോദി സംസ്ഥാന ധനമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ഫണ്ടുകള്‍ സന്നദ്ധസംഘടനയായ ശ്രീജന്‍ മഹിള സഹയോഗ് സമിതിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് കേസ്. 2007നും 2014നുമിടയിലാണു സന്നദ്ധ സംഘടനയുടെ അക്കൗണ്ടുകളിലേക്ക് പണം അനധികൃതമായി എത്തിയത്. ശഹരി വികാസ് യോജന അടക്കമുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അനുവദിച്ച കോടികള്‍ ശ്രീജന്‍ മഹിള സഹയോഗ് സമിതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി കേസന്വേഷിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."