അരിമുറുക്കില്‍ ഇഴപിരിഞ്ഞ് അമ്മാളുവമ്മയുടെ ജീവിതം
പാലക്കാട്: ഒരു മനുഷ്യായുസ് അരിമുറുക്ക് ചുറ്റി ജീവിതം തള്ളി നീക്കുകയാണ്. പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് തറയിലെ അമ്മാളുഅമ്മ. എഴുപത് പിന്നിട്ടിട്ടും ഇപ്പോഴും മുറുക്ക് ചുറ്റി കൊടുത്താണ് അവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത്. കരിപ്പോട് തറയിലെ ഏറ്റവും പ്രായമുള്ള മുറുക്ക് ചുറ്റുന്ന തൊഴിലാളിയാണിവര്‍. മുറുക്ക് കൈകൊണ്ട് ചുറ്റുന്നതില്‍ വളരെയേറെ കൈത്തഴക്കമുള്ള ഇവര്‍ ഒരു ദിവസം 1000 മുറുക്ക് വരെ ചുറ്റാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ചെറിയ ചുട്ടുള്ള മുറുക്കാണെങ്കില്‍ 1200 വരെ ചുറ്റും.
പത്താം വയസു മുതലാണ് അരിമുറുക്കു ചുറ്റുന്ന തൊഴില്‍ ആരംഭിച്ചത്. അന്നത്തെകാലത്തും പഠിക്കാനൊന്നും പോകാന്‍ കഴിയില്ലായിരുന്നുവെന്ന് അമ്മാളുഅമ്മ പറയുന്നു. രാവിലെ എട്ടു മണി മുതല്‍ മുറുക്ക് ചുറ്റുന്ന ജോലി തുടങ്ങും. വൈകുന്നേരം വരെ മുറുക്ക് ഉണ്ടാക്കും. ഈ തൊഴില്‍ അല്ലാതെ മറ്റൊരു തൊഴിലിനും പോയിട്ടില്ല.
ഇവര്‍ക്ക് രണ്ടു പെണ്‍ മക്കളാണുള്ളത്. മുറുക്ക് ചുറ്റല്‍ ജോലി ചെയ്തു അവരെ കെട്ടിച്ചയച്ചു. എഴുപതാം വയസിലും അവര്‍ തൊട്ടടുത്ത വീട്ടിലെമുറുക്ക് കച്ചവടക്കാരനായ ബാബുവിന്റെ പണിശാലയില്‍ സജീവമായി എത്തുന്നു. രാവിലെ തുടങ്ങിയാല്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കുറച്ചു സമയം നീക്കിവെക്കും.
അഞ്ചു മണി വരെ ചുറ്റിയാല്‍ 150 രൂപയോളം ഒരു ദിവസം കൂലി കിട്ടും. മുന്‍പൊക്കെ 250 വരെ ലഭിച്ചിരുന്നുവെന്ന് അമ്മാളു അമ്മ പറയുന്നു. മരണം വരെ ഈ തൊഴിലെടുത്തു കഴിയണമെന്നാണ് അവര്‍ പറയുന്നത്
കരിപ്പോട് തറയിലെ ഭൂരിഭാഗം കുടുംബങ്ങളും അരിമുറുക്ക് ഉണ്ടാക്കി വില്‍പന നടത്തിയാണ് ഉപജീവനം നടത്തി വരുന്നത്. സ്ത്രീകള്‍ മുറുക്കുണ്ടാക്കാനുള്ള മാവ് പാകപ്പെടുത്തുകയും അതിനുശേഷം ചുറ്റിയെടുത്തു എണ്ണയിലിട്ട് പൊരിക്കുന്ന ജോലി വരെ ചെയ്യാറുണ്ട്.
പുരുഷന്മാര്‍ ചുട്ടെടുത്ത മുറുക്ക് കുട്ടയിലും വാഹനങ്ങളിലുമാക്കി വില്‍ക്കുകയാണ് ചെയ്തു വരുന്നത്. മുന്‍പ് പാലക്കാട്ടുകാരുടെ വിരുന്നു പലഹാരങ്ങളില്‍ അരിമുറിക്കിന് വലിയ സ്ഥാനമുണ്ടായിരുന്നു. കരിപ്പോട് വടക്കേത്തറ, അടിച്ചിറ, കരിപ്പോട് എന്നിവിടങ്ങളിലായി ആയിരത്തോളം പേര്‍ ഇപ്പോഴും മുറുക്ക് കച്ചവടത്തിലൂടെയാണ് ജീവിക്കുന്നത്. ചെറുകിട കുടില്‍ വ്യവസായമാണിത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാറുമില്ല. എന്നാലും കരിപ്പോടുകാര്‍ പാരമ്പര്യം കൈവിടാതെ സ്വയം തൊഴില്‍ ചെയ്തു ജീവിക്കുന്നു. ജി.എസ്.ടി വന്നതോടെ കേരളത്തിലെ കൈചുറ്റു അരിമുറുക്കു കച്ചവടം പ്രതിസന്ധിയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."