യൂത്ത് ലീഗ് നേതാക്കള്‍ക്ക് മര്‍ദനം: പൊലിസ് നടപടി ജനാധിപത്യ വിരുദ്ധം: മുനവ്വറലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലിസ് മര്‍ദിക്കുകയും കേസെടുത്ത് ജയിലില്‍ അടക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂത്ത് ലീഗ് നേതാക്കള്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അവസാനിപ്പിച്ച ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ പൊലിസ് ഇരച്ചു കയറി മര്‍ദിക്കുകയായിരുന്നു.
മാത്രമല്ല കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാന്‍ വേണ്ടി പൊലിസുകാര്‍ തന്നെ സര്‍ക്കാര്‍ വാഹനം തല്ലിത്തകര്‍ത്ത്, യൂത്ത്‌ലീഗ് നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്.
മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളും അടക്കം ഇതിന്് ദൃക്‌സാക്ഷികളാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും സംരക്ഷിക്കാന്‍ യുവജന നേതാക്കളെ ജയിലില്‍ അടക്കുന്ന പൊലിസ് നയത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരും.
കൈയേറ്റക്കാരെയും പരിസ്ഥിതി വിരുദ്ധരെയും സംരക്ഷിക്കുകയും അതിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം വിചിത്രമാണ്. ഇത്തരം സമരങ്ങളെ ചോരയില്‍ മുക്കി നേരിടാമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണ്.
യൂത്ത് ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടത്തിയ പൊലിസുകാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
23ന് പി.വി അന്‍വര്‍ എം.എല്‍.എ യുടെ കൂടരഞ്ഞിയിലെ വിവാദ വാട്ടര്‍ തീം പാര്‍ക്കിലേക്കും മാര്‍ച്ച് നടത്താന്‍ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."