തടഞ്ഞു വെച്ചന്ന പരാതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: മതം മാറി തന്നെ വിവാഹം കഴിച്ച കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് ഭര്‍ത്താവ് അനീസ് ഹമീദ് നല്കിയ ഹരജിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഹരജിക്കാരന്റെ ഭാര്യ ശ്രുതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മതമൗലിക സംഘടനകളുടെ പിന്തുണയോടെ അനീസ് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ശ്രുതിയുടെ മാതാപിതാക്കള്‍ നല്കിയ ഹരജിയില്‍ ഇവര്‍ക്ക് പൊലിസ് സംരക്ഷണം നല്കാന് കഴിഞ്ഞ ദിവസം ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അനീസിന്റെ ഹരജിയില്‍ ശ്രുതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ഡിഗ്രിക്കു പഠിക്കുമ്പോള്‍ ശ്രുതിയുമായി താന്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് തങ്ങള്‍ വിവാഹിതരായെന്നുമാണ് ഹരജിക്കാരന്റെ വാദം. പിന്നീട് ഡല്‍ഹിയില്‍ കഴിഞ്ഞു വരവെ ശ്രുതിയുടെ മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം തേടി തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും കോടതി ഇതനുവദിച്ചെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
പിന്നീട് മാതാപിതാക്കളുടെ പരാതിയില്‍ കണ്ണൂരില്‍ എത്തിച്ച പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടത്തിനു പോകാന്‍ കോടതി സമ്മതിച്ചെങ്കിലും കോടതിക്കു പുറത്തിറങ്ങിയ ശ്രുതിയെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയതാണെന്നാണ് ഹരജിക്കാരന്റെ വാദം. ഹരജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."