രാജിവച്ചില്ലെങ്കില്‍ ശൈലജയെ ബഹിഷ്‌കരിക്കും: ചെന്നിത്തല
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കെ.കെ ശൈലജ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും മന്ത്രി തയാറായില്ല. രാജിവച്ചില്ലെങ്കില്‍ കെ.കെ.ശൈലജയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
ആദ്യമായാണ് ഒരു മന്ത്രിക്കെതിരേ ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടാകുന്നതെന്നും വീണ്ടും കോടതിയില്‍ പോയാല്‍ കനത്ത പ്രഹരമേല്‍ക്കുമെന്നും ചെന്നിത്തല പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ആളില്ലാത്തതിനാലാണ് സമയം നീട്ടി നല്‍കിയതെന്ന വാദം ശരിയല്ല. 14 ജില്ലകളിലെയും ആള്‍ക്കാര്‍ അപേക്ഷിച്ചാലും ആറുപേര്‍ക്ക് നിയമനം നല്‍കാനേ സാധിക്കുകയുള്ളൂ. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ശേഷം മതിയായ കാരണമില്ലാതെ സമയം നീട്ടി നല്‍കാന്‍ ഉത്തരവിട്ട മന്ത്രി വലിയ തെറ്റാണ് ചെയ്തത്.
ഗുരുതര ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയെ തുടരാന്‍ അനുവദിക്കരുത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 140 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
രാജിവയ്‌ക്കേണ്ട സാഹചര്യമില്ല: കെ.കെ ശൈലജ
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമര്‍ശനത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. കോടതിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. കഴിവും പരിചയവുമുള്ളവര്‍ വരട്ടെയെന്ന് ഉദ്ദേശിച്ചാണ് തിയതി നീട്ടിയത്. തന്റെ രാഷ്ട്രീയ ജീവിതം സുതാര്യമാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവര്‍ക്കും അവസരം നല്‍കാനാണ് അപേക്ഷാ തിയതി നീട്ടിയത്. തിയതി നീട്ടുന്നത് പുതിയ കാര്യമല്ല. യോഗ്യതയുടെ അടിസ്ഥാനത്തില്‍ എല്ലാ മാനദണ്ഡവും പാലിച്ചാണ് വയനാട് സ്വദേശി സുരേഷിനെ കമ്മിഷന്‍ അംഗമായി നിയമിച്ചത്. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ല.
തനിക്കെതിരായ പരാമര്‍ശത്തെ നിസാരവല്‍ക്കരിക്കുന്നില്ല. തനിക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നാണ് കരുതുന്നത്. തനിക്കെതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിക്കും. മന്ത്രിയെ കേള്‍ക്കാതെയാണ് കോടതി പരാമര്‍ശം നടത്തിയതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."