ലോക ബാഡ്മിന്റണ്‍: മികച്ച തുടക്കമിട്ട് ഇന്ത്യ
ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. പുരുഷ സിംഗിള്‍സില്‍ മത്സരിച്ച ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവര്‍ വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്‌വി ലഡും ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ കെ മനീഷ- സാത്വിക് സായ്‌രാജ് രന്‍കിറെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ വിജയിച്ചു. ഇന്ത്യയുടെ പ്രചക്ത സാവന്തും മലേഷ്യയുടെ യോഗേന്ദ്രന്‍ കൃഷ്ണനും ചേര്‍ന്ന മിക്‌സഡ് ഡബിള്‍സ് സഖ്യവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ റഷ്യയുടെ സെര്‍ജി സിരന്റിനെ അനായാസം കീഴടക്കി. അര മണിക്കൂര്‍ മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-12 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയിച്ചത്.
സമീര്‍ വര്‍മ സ്പാനിഷ് താരം പാബ്ലോ അബിനെതിരേയാണ് ആദ്യ റൗണ്ടില്‍ മത്സരിച്ചത്. രണ്ടാം സെറ്റിനിടെ താരം മത്സരം മുഴുമിപ്പിക്കാതെ പിന്‍മാറിയതിനെ തുടര്‍ന്ന് സമീറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ സെറ്റ് സമീര്‍ 21-8 എന്ന സ്‌കോറിന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 17-4 എന്ന നിലയില്‍ സമീര്‍ മുന്നില്‍ നില്‍ക്കെയാണ് പാബ്ലോ പിന്‍മാറിയത്. വനിതാ സിംഗിള്‍സില്‍ തന്‍വി ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ട് സെറ്റുകള്‍ നേടി നാടകീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബ്രിട്ടീഷ് താരം ക്ലോ ബിര്‍ക്കിനെതിരേ 17-21, 21-10, 21-19 എന്ന സ്‌കോറിനാണ് തന്‍വി വിജയിച്ചത്. മനീഷ- സാത്വിക് സഖ്യം ഹോങ്കോങ് സഖ്യമായ നങ് സു യു- തം ചുന്‍ ഹി സഖ്യത്തെ 24-22, 21-17 എന്ന സ്‌കോറിന് വീഴ്ത്തി. പ്രജക്ത- യോഗേന്ദര്‍ ചൈനീസ് തായ്‌പേയ് സഖ്യം ലു ചിങ് യോ- ചിയാങ് കി സിന്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-12, 13-21, 21-18.
അതേസമയം ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സഖ്യമായ മനു അത്രി- സുമീത് റെഡ്ഡി സഖ്യത്തിന് ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നു. കൊറിയന്‍ സഖ്യമായ ചുങ് സീക്- കിം ഡുക്യോങ് സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ വീഴ്ത്തിയത്. സ്‌കോര്‍: 20-21, 11-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."