ഫറോക്കില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരുക്ക്
ഫറോക്ക്: പുതിയപാലത്തിനു സമീപം ദേശീയപാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു 34 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്കു പോവുകയായിരുന്ന 'പാസ് ' (പൂത്തന്‍കോട്) ബസും വഴിക്കടവില്‍നിന്ന് വരികയായിരുന്ന 'ക്ലാസിക് ' ബസും നേര്‍ക്കുനേര്‍ ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ ഇരുബസുകളിലെയും മുന്‍വശത്ത് യാത്ര ചെയ്തിരുന്ന ഭൂരിഭാഗം പേര്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച രണ്ടോടെ ഫറോക്ക് പൊലിസ് സ്റ്റേഷനും പുതിയ പാലത്തിനുമിടയിലെ വളവിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതവും സ്തംഭിച്ചു.
കോഴിക്കോട്ടുനിന്നു വരികയായിരുന്ന ബസ് മറ്റുവാഹനങ്ങളെ മറികടക്കുന്നതിനിടെയാണ് എതിരേവന്ന ബസില്‍ ഇടിച്ചത്. ബസുകള്‍ക്കിടയില്‍ കുടുങ്ങിയ 'പാസ് ' ബസിലെ ഡ്രൈവറെ പൊലിസും നാട്ടുകാരും പുറത്തെടുക്കുകയായിരുന്നു. കാലുകള്‍ക്ക് ക്ഷതമേറ്റ് ഗുരുതരാവസ്ഥയിലുള്ള ഡ്രൈവര്‍ ഫറോക്ക് കല്ലംപാറ സ്വദേശി പാണാര്‍ക്കണ്ടി ഗോപിയെയും (49) യാത്രക്കാരനായ വെള്ളുവമ്പ്രം കാരക്കുന്ന് പെരിങ്ങാട് മുഹമ്മദ് ബാബുവിനെയും (39) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവര്‍ ഫറോക്കിലെയും ചെറുവണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി.
അത്തോളി കണ്ടംപറമ്പത്ത് അശോകന്‍ (65), മഞ്ചേരി സ്വദേശികളായ കാരപ്പഞ്ചേരി മുഹമ്മദലി (53), കല്ലാഞ്ചിറ സെക്കീന (58), പുലരിക്കുന്ന് ചക്കി (71), പുല്ലാര റസിയ (45), കിഴിശ്ശേരി ചുള്ളിക്കോട് നഫീസ (55), അരിമ്പ്ര പച്ചാളി ആയിശ (55), മകള്‍ ഹഫ്‌സത്ത് (24), പാണ്ടിക്കാട് കാരക്കാടന്‍ കുന്നുംനടുവില്‍ ഫാത്തിമ (55), പുളിക്കല്‍ പെയിങ്ങാട്ടില്‍ കോച്ചംപളളി ഷാഹിദ (38), കുറ്റ്യാടി വലിയപറമ്പില്‍ ബീരാന്‍ (70), മലപ്പുറം കോട്ടക്കുന്ന് പയ്യനാട് സഫിയ (48), മരുമകള്‍ സഹ്‌ലാ ഷറിന്‍ (22), കോഴിക്കോട് പുതിയങ്ങാടി ഹര്‍ഷംവീട്ടില്‍ ഷക്കീല (47) മകള്‍ ഹര്‍ഷാന (21), പണ്ടിക്കാട് പുലിക്കോട്ടില്‍ രാജന്‍ (42), ഭാര്യ ഷീബ (37), അരിമ്പ്ര പെരുമ്പനങ്ങാട്ട് പ്രബിഷ (23), കൊയിലാണ്ടി കുനിയില്‍ ചെങ്ങോട്ട്താഴം അശോകന്‍ (44), ഫറോക്ക് കരുവന്‍തിരുത്തി കോളറങ്ങാഴി ഹരിദാസ് (40), പെരുമുഖം കള്ളിക്കൂടം പറമ്പ് സൈനബ (52), അസം ഗുവാഹത്തി സ്വദേശി അസ്ഹറുദ്ദീന്‍(21) പുല്ലാര നെടുംപുറം ഫാത്തിമ നെദ (9), അരിയല്ലൂര്‍ മൂച്ചിക്കല്‍ സൂരജ് (25) കാരക്കോട് സുനില്‍കുമാര്‍ (42), വെള്ളുവമ്പ്രം കൊണ്ടോട്ടിപ്പറമ്പ് സന്‍ഹ (19), വഴിക്കടവ് ചെന്നന്‍കൊളങ്ങോട്ട് സൈനുല്‍ ഹാരിസ് (31), ചെറുവണ്ണൂര്‍ സ്വദേശികളായ ചന്ദ്രിക (42), ഉള്ളിശ്ശേരിക്കുന്ന് ഷാജഹാന്‍ (39), ബേപ്പൂര്‍ മുണ്ടംപറമ്പ് റജീന (25), മുണ്ടംപറമ്പ് ശാന്ത (62), വഴിക്കടവ് പുളിയക്കോടന്‍ ഹബീബ് (43) എന്നിവരാണ് ചികിത്സയിലുള്ളത്.
ഇരുബസുകളും അമിതവേഗതയിലായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട ബസുകള്‍ മാറ്റി. തുടര്‍ന്ന് റോഡിലെ ചില്ലുകഷ്ണങ്ങളും ഇന്ധനവും നീക്കം ചെയ്തു.
അപകട വിവരമറിഞ്ഞെത്തിയ എസ്.ഐ എ. രമേശ്കുമാറും ട്രാഫിക് പൊലിസും ഏറെനേരം പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."