വരാപ്പുഴ പീഡനം: ശോഭാ ജോണിന് 18 വര്‍ഷവും ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷവും കഠിന തടവ്
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ-പീഡന കേസില്‍ പ്രതി ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവ് വിധിച്ചു. ഇരുവര്‍ക്കും ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ചുമത്തി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് നാല്‍പ്പതിലധികം കേസുകളില്‍ ആദ്യ കേസിലാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വിവിധ സ്ഥലങ്ങളിലെത്തി പലര്‍ക്കായി വില്‍ക്കുകയും ചെയ്തു എന്നാണ് ശോഭാ ജോണിനെതിരേയുള്ള കേസ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള മകനുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് ചെയ്യണമെന്നും ശോഭാ ജോണ്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം പരിഗണിച്ചില്ല.
പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ജയരാജന്‍ നായര്‍ക്കെതിരേയുള്ള കേസ്. തനിക്ക് 73 വയസുണ്ടെന്നും രാജ്യസേവനം നടത്തിയ വ്യക്തിയാണെന്നും ജയരാജന്‍ നായര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ എട്ട് പ്രതികളില്‍ അഞ്ച് പേരെ നേരത്തെ വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കാലയളവില്‍ മരിച്ചു.
ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം അനാശാസ്യത്തിനായിരുന്നു കേസ് എടുത്തിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തി പലര്‍ക്കായി വില്‍ക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കിയതായും കണ്ടെത്തിയത്.
നാല് കേസുകളില്‍ കൂടി വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. നാളെ ഈ കേസുകളില്‍ വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."