സി.പി.എമ്മിന്റെ സംഘ്പരിവാര്‍ വിരോധം വാക്കുകളില്‍ മാത്രം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സി.പി.എമ്മിന്റെ സംഘ്പരിവാര്‍ വിരുദ്ധ നയം പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി. പി.എം ആത്മാര്‍ഥത കാണിക്കുന്നില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള പൊലിസിന്റെ സംഘ്പരിവാര്‍ വിധേയത്വം ആശങ്കാജനകമാണ്. വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അക്രമമടക്കം കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളിലെ പൊലിസ് ഇടപെടല്‍ സംഘ്പരിവാറിനെ സഹായിക്കുന്ന രീതിയിലാണ്.
ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണമാണ് ലഘുലേഖ വിതരണത്തിനിടെ മുജാഹിദ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും അക്രമികള്‍ക്ക് ജാമ്യവും അക്രമിക്കപ്പെട്ടവരെ ജയിലിലടക്കുകയുമാണ് പൊലിസ് ചെയ്തത്.
ഇതിനെതിരേ കേരളത്തിലെ മുഖ്യധാരാ മതസംഘടനകള്‍ മുഴുവന്‍ രംഗത്ത് വന്നിട്ടുണ്ട്. പൊലിസില്‍ നിന്നുണ്ടാകുന്ന സംഘ്പരിവാര്‍ അനുകൂല ഇടപെടലുകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. ഈ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."