ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പിന് മാരിടൈം ബോര്‍ഡ്: ബില്‍ പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനുമായി കേരള മാരിടൈം ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള 2017ലെ കേരള മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി. മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചതിനാല്‍ അവരുടെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്.
ചെറുകിട തുറമുഖങ്ങളുടെയും തീരദേശ കപ്പല്‍ ഗതാഗതത്തിന്റെയും ഉള്‍നാടന്‍ ജലഗതാഗതത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് തുറമുഖ, ജലവിഭവ, മത്സ്യബന്ധന വകുപ്പുകളും സംസ്ഥാന മാരിടൈം കോര്‍പറേഷനുമാണ്. പദ്ധതികളുടെ ഏകോപനത്തിന് ഇത് തടസമാകുന്നുണ്ട്. ബോര്‍ഡ് നിലവില്‍ വന്നാല്‍ പദ്ധതികള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. കേരള മാരിടൈം സൊസൈറ്റിയെയും കേരള മാരിടൈം വികസന കോര്‍പറേഷനെയും ബോര്‍ഡില്‍ ലയിപ്പിക്കും.
തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളെ ലയിപ്പിച്ച് മാരിടൈം ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളേക്കാള്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ബോര്‍ഡിനുണ്ടാകും.
തീരദേശ സുരക്ഷയും ബോര്‍ഡിന്റെ പരിധിയില്‍ വരും. ഇതിനു വേണ്ടി തീരരക്ഷാ സേനയുടെയും നാവികസേനയുടെയും പ്രാതിനിധികളെ ബോര്‍ഡില്‍ ഉണ്ടള്‍പ്പെടുത്തും. മാരിടൈം നിയമത്തിലും ഷിപ്പിങ്ങിലും പരിജ്ഞാനമുള്ള ആളെയായിരിക്കും ബോര്‍ഡിന്റെ അധ്യക്ഷ പദവിയില്‍ നിയമിക്കുക.
കേന്ദ്ര സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഐ.എ.എസ് ഓഫിസറെ വൈസ് ചെയര്‍മാന്‍ കം സി.ഇ.ഒ ആയി നിയമിക്കും. മത്സ്യബന്ധനം, ധനകാര്യം, നിയമം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും നാവികസേന, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖത്തിന്റെ സി.ഇ.ഒയും എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ബോര്‍ഡിലുണ്ടാകും. കൊച്ചിയിലായിരിക്കും ബോര്‍ഡിന്റെ ആസ്ഥാനം.
ചരക്കുകള്‍ക്കും ജലയാനങ്ങള്‍ക്കും വ്യത്യസ്ത തുറമുഖങ്ങളില്‍ ചുങ്കം, ഉപയോഗനികുതി എന്നിവ ചുമത്താന്‍ ബോര്‍ഡിന് അധികാരമുണ്ടാകും. ഇതു നല്‍കാത്ത ജലയാനങ്ങളും ചരക്കുകളും തടഞ്ഞുവയ്ക്കാനും ജപ്തി ചെയ്യാനും ബോര്‍ഡിന് അധികാരമുണ്ടണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ബില്‍ അവതരിപ്പിച്ചത്. കെ. ആന്‍സലന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കപ്പല്‍ ഗതാഗതം, തുറമുഖ വികസനം, ഗതാഗതസൗകര്യങ്ങള്‍, മത്സ്യബന്ധനം തുടങ്ങി നിരവധി മേഖലകളില്‍ വികസനക്കുതിപ്പിന് ബോര്‍ഡ് രൂപീകരണം വഴിയൊരുക്കുമെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."