ശുദ്ധമായ പാലും ആരോഗ്യമുള്ള കര്‍ഷകനും; മില്‍ക്കിങ് പാര്‍ലറുമായി ഡോ. ബിനീഷ്
കോഴിക്കോട്: ശുദ്ധമായ പാലും ആരോഗ്യമുള്ള കര്‍ഷകനുമുണ്ടായാലെ പാലിന് ഗുണമേന്മയുണ്ടാകൂവെന്ന് തിരിച്ചറിഞ്ഞ് ഇതു സാക്ഷാത്കരിക്കാന്‍ ഡോ. ബിനീഷ് മുന്നിട്ടറങ്ങി. ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തില്‍ ക്ഷീര കര്‍ഷകരെ മാതൃകയാക്കി കേരളത്തില്‍ പുതിയൊരു ധവള വിപ്ലവത്തിനാണ് ബിനീഷ് ശ്രമിക്കുന്നത്. 'മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍' പദ്ധതിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പാലിന്റെ ഗുണനിലവാരവും കര്‍ഷകര്‍ക്കു നല്‍കുന്ന വിലയും പരമ്പരാഗത രീതികളില്‍നിന്ന് മാറി പാലിലെ മൈക്രോബിയല്‍ ക്വാളിറ്റി, റെസിഡ്യൂ ലെവല്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി വില നിശ്ശ്ചയിക്കുന്ന രീതിയിലേക്ക് എത്താന്‍ പോവുകയാണ്. അതിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും പഞ്ചായത്തിനെ സമ്പൂര്‍ണ ഏകീകൃത പാലുല്‍പാദന പഞ്ചായത്താക്കി മാറ്റുകയുമാണ് ലക്ഷ്യം.
പാല്‍ ഗുണനിലവാരമുള്ളതാക്കാന്‍ കറവ നടത്തുന്ന സ്ഥലത്തുനിന്നു തന്നെ പദ്ധതി ആരംഭിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.
ഇതിനായി കോട്ടൂര്‍ മോഡല്‍ പോര്‍ട്ടബിള്‍ മില്‍ക്കിങ് പാര്‍ലര്‍ നിര്‍മിച്ചിരിക്കുകയാണ് ഡോക്ടര്‍. പി.വി.സി പൈപ്പ് കൊണ്ടുള്ള നാലു തൂണുകളും എട്ടടി നീളമുള്ള നെറ്റുമാണിത്. പശുവിനെ ഇതിലേക്കു കയറ്റി നിര്‍ത്തി കറവ നടത്താം. ക്ഷീര കര്‍ഷകനും പശുവിനും കൊതുകു കടിയില്‍നിന്നു രക്ഷനല്‍കുന്നതോടൊപ്പം തൊഴുത്തിലെ വൃത്തി കുറഞ്ഞ അന്തരീക്ഷത്തില്‍നിന്നു മാറി സ്ഥാപിക്കാവുന്ന പാര്‍ലറിനുള്ളില്‍ വിരിക്കുന്ന റബര്‍ മാറ്റും സാമഗ്രികള്‍ വയ്ക്കാനുള്ള ചെറിയ സ്റ്റാന്‍ഡുമുണ്ട്.
മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കൊതുകു കടിയേറ്റ് ഡെങ്കിപ്പനി വ്യാപകമായ സംഭവം ഇയിടെയുണ്ടായിരുന്നു. ഇതിനു പ്രതിവിധി കൂടിയാണ് ബിനീഷ് ഡോക്ടറുടെ മില്‍ക്കിങ് പാര്‍ലര്‍. കൂടാതെ ഗുണമേന്മയുള്ള പാലുല്‍പാദനത്തിനായി നിരവധി പരിപാടികള്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. രണ്ടായിരത്തിലേറെ കറവപ്പശുക്കളാണ് കോട്ടൂര്‍ പഞ്ചായത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."