ഇടുക്കി പവര്‍ ഹൗസില്‍ കൂട്ട സ്ഥലംമാറ്റം; അനുഭവ സമ്പത്ത് പ്രശ്നം സൃഷ്ടിച്ചേക്കും
തൊടുപുഴ: കെ.എസ്.ഇ.ബിയുടെ പുതിയ ഓണ്‍ലൈന്‍ സ്ഥലംമാറ്റ ഉത്തരവിറങ്ങിയതോടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഭൂരിപക്ഷം സബ് എന്‍ജിനിയര്‍മാര്‍ക്കും സ്ഥലംമാറ്റം. 38 സബ് എന്‍ജിനിയര്‍മാരുടെ തസ്തികകളാണു മൂലമറ്റം വൈദ്യുതി നിലയത്തിലുള്ളത്.
എന്നാല്‍ 30 പേരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇതില്‍ 25 പേരെയാണു സ്ഥലം മാറ്റിയിരിക്കുന്നത്. ലൈന്മാന് ഓവര്‍സിയര്‍ സ്ഥലംമാറ്റ ഉത്തരവ് അടുത്ത മാസം 15ന് ഉണ്ടാകുമെന്നാണു കരുതുന്നത്. ഇതോടെ വൈദ്യുതി നിലയത്തിലെ തഴക്കവും പഴക്കവുമുള്ള ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമാകും. ഒറ്റയടിക്കു വൈദ്യുതി നിലയത്തില്‍ നിന്ന് ഭൂരിപക്ഷം ജീവനക്കാരെയും മാറ്റുന്നത് നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ പവര്‍ സ്റ്റേഷനായ മൂലമറ്റത്ത് ആദ്യമായാണ് ഇങ്ങനെയൊരു നടപടി. പത്തു മുതല്‍ 20 വര്‍ഷം വരെ അനുഭവസമ്പത്തുള്ളവരാണ് സ്ഥലം മാറിപ്പോകുന്നതില്‍ ഏറിയ പങ്കും. അടിയന്തര സാഹചര്യങ്ങളില്‍ ജനറേറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്ത് വൈദ്യുതനിലയം പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഇവര്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
28 സബ് എന്‍ജിനിയര്‍മാരായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതോടെ ഒരു ഫ്ളോറില്‍ ഒരു സബ് എന്‍ജിനിയര്‍ മാത്രമായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാവുക. ഇതില്‍ ഭൂരിഭാഗം പേരും വൈദ്യുതനിലയത്തെക്കുറിച്ചു ധാരണയില്ലാത്തവരാകുമ്പോള് നിലയത്തിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കും.
വിതരണ മേഖലയില്‍ നിന്ന് വ്യത്യസ്തമായി ജനറേഷന് മേഖലയില്‍ പരിചയ സമ്പന്നരെയാണു നിലനിര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ വൈദ്യുതനിലയത്തിലെ ഓവര്‍സിയര്‍മാര്‍ക്കും ലൈന്മാന്മാര്ക്കും സ്ഥലം മാറ്റം ഉണ്ടാകും. ഇവരും കൂടി സ്ഥലം മാറിപ്പോയാല്‍ നിലയത്തെക്കുറിച്ച് അറിയാവുന്ന ജീവനക്കാരുടെ എണ്ണം ഏറെ കുറയും.
ഇതു നിലയത്തിലെ അറ്റകുറ്റപ്പണികളടക്കമുള്ള കാര്യങ്ങള്‍ക്കു തടസമാകും.
41 വര്‍ഷം പഴക്കമുള്ള ഒന്നാം ഘട്ടത്തിലെ മൂന്നു ജനറേറ്ററുകളും 31 വര്‍ഷം പഴക്കമുള്ള രണ്ടാം ഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."