ഈ വര്‍ഷത്തെ അവസാന ഹജ്ജ് വിമാനം ഇന്ന്
നെടുമ്പാശ്ശേരി: ഇന്ത്യയില്‍നിന്നുള്ള ഇത്തവണത്തെ അവസാനത്തെ ഹജ്ജ് വിമാനം ഇന്ന് രാത്രി 8.10ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരും.
കേരളത്തില്‍നിന്നുള്ള 11470 പേര് ഉള്‍പ്പെടെ 1,25,025 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 45,000 തീര്‍ത്ഥാടകര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ 22 എംബാര്‍ക്കേഷന്‍ പോയിന്റുകളില്നിന്നാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ യാത്രയായത്. ജൂലൈ 24നാണ് ആദ്യ സംഘം ഗോവ വിമാനത്താവളത്തില്‍നിന്ന് യാത്ര തിരിച്ചത്.
മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 410 തീര്‍ഥാടകരുമായി ഇന്ന് പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സ് വിമാനം രാത്രി 11.45ന് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങും. 34025 സീറ്റുകളാണ് സഊദി സര്‍ക്കാര്‍ ഇന്ത്യക്ക് അധികമായി അനുവദിച്ചത്.
ഹറമിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഇന്ത്യക്ക് നേരത്തേ അനുവദിച്ചു നല്‍കിയിരുന്ന 20 ശതമാനം സീറ്റുകള്‍ കുറവു വരുത്തിയിരുന്നു. നാലുവര്‍ഷമായി നഷ്ടപ്പെട്ടിരുന്ന ക്വാട്ട ഈ വര്‍ഷം പുനസ്ഥാപിച്ചതോടെ കൂടുതല്‍ പേര്‍ക്ക് യാത്രക്ക് അവസരം ലഭിച്ചു.
ചരിത്രത്തിലാദ്യമായി കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത് ഇത്തവണയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 11470 പേരെ കൂടാതെ 9000 പേര് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും സംസ്ഥാനത്ത്നിന്നു യാത്രയായിട്ടുണ്ട്.
ഇതില്‍ 6000 സീറ്റുകള്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചു കിട്ടിയതും 3000 സീറ്റുകള്‍ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചു കിട്ടിയതുമാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്രയായവര്‍ യാത്രാചെലവിന്റെ അഞ്ചു ശതമാനം ജി.എസ്.ടിയും അടയ്ക്കേണ്ടി വന്നു. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകര്‍ക്ക് ജി.എസ് .ടി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."