ആരാണ് ഗുര്‍മീത് റാം റഹീം സിങ്?
ചണ്ഡീഗഡ്: ആരാണ് ഗുര്‍മീത് റാം റഹിം സിങ്? 50കാരനായ ഈ ആള്‍ദൈവത്തിന്റെ ജീവിതം തന്നെ ദുരൂഹമാണ്. 1948ല്‍ മസ്താന ബലൂചിസ്താനി സ്ഥാപിച്ച സാമൂഹിക ആത്മീയ സന്നദ്ധ സംഘടനയായ ദേര സച്ച സൗദയുടെ ഇപ്പോഴത്തെ നേതാവാണ് ഗൂര്‍മീത് റാം.
ലക്ഷക്കണക്കിന് ആരാധകരാണ് ഇയാള്‍ക്കുള്ളത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ഗംഗാനഗറില്‍ നസീബ് കൗറിന്റെയും മഘര്‍ സിങിന്റെയും മകനായാണ് ഗുര്‍മീത് ജനിച്ചത്. ഭാര്യ ഹര്‍ജിത് കൗര്‍.
1990 സെപ്റ്റംബര്‍ 23നാണ് ദേര സച്ച സൗദയുടെ അധ്യക്ഷ സ്ഥാനത്ത് ഇയാള്‍ എത്തുന്നത്. വിവാദ നായകനായതുകാരണം പലയിടങ്ങളില്‍ നിന്ന് ഭീഷണി ഉയര്‍ന്നതോടെ ഇയാള്‍ക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഉള്ളത്.
സര്‍ക്കാരിന്റെ സുരക്ഷാ സേനക്കു പുറമെ 10,000 പേരടങ്ങുന്ന സ്വന്തം സൈനിക ഗ്രൂപ്പും ഇയാള്‍ക്കുണ്ട്. പലപ്പോഴും ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഈ വിവാദ നായകന്റെ 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പിലെ പിന്തുണയും ബി.ജെ.പിക്കൊപ്പമായിരുന്നു.
ദേര സച്ച സൗദ പ്രസ്ഥാനം തുടക്കത്തില്‍ നേടിയ ജനപിന്തുണ പിന്നീട് നിലനിര്‍ത്താനായില്ലെന്നതാണ് വാസ്തവം. പുരോഗമന-സാമൂഹിക പ്രവര്‍ത്തനങ്ങളാല്‍ പ്രശസ്തി നേടിയ പ്രസ്ഥാനം ഗുര്‍മീതിന്റെ നേതൃത്വത്തില്‍ ലൈംഗിക തൊഴിലാളികളുടെ വിവാഹം നടത്തികൊടുത്തും ലൈഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചും മെഡിക്കല്‍ ക്യാംപുകള്‍, വിവിധ സാമൂഹിക സേവനങ്ങള്‍ നടത്തിയും പ്രശസ്തി നേടിയിരുന്നു.
ഇതോടെ ലക്ഷക്കണക്കിന് അനുയായികളാണ് ഈ പ്രസ്ഥാനവുമായി അടുത്തത്. എന്നാല്‍ ആഡംബരപ്രിയനായി മാറിയ ഇദ്ദേഹം ഇപ്പോള്‍ നൂറുകണക്കിന് വാഹനങ്ങളുടെയും സുരക്ഷാ ഭടന്മാരുടെയും അകമ്പടിയോടെയാണ് സഞ്ചരിക്കാറുള്ളത്.
ഗുര്‍മീത് പ്രത്യേകം വെബ്‌സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ കലാ-കായിക രംഗത്തെ പ്രതിഭയാണ് താനെന്ന് പറയുന്നുണ്ട്. 53 ലോക റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിനുണ്ട്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡുകളാണ്. 27 ഏഷ്യന്‍ ബുക്ക് റെക്കോര്‍ഡുകള്‍, ഏഴ് ഇന്ത്യ ബുക്ക് റെക്കോര്‍ഡുകള്‍. രണ്ട് ലിംക ബുക്ക് റെക്കോര്‍ഡുകള്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്. കൂടാതെ യു.കെ ആസ്ഥാനമായ വേള്‍ഡ് റെക്കോര്‍ഡ് സര്‍വകലാശാലയുടെ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.
1999ല്‍ ആശ്രമത്തില്‍ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2002ല്‍ ഒരു സ്ത്രീ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിക്ക് അയച്ച ഊമക്കത്താണ് പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."