ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; യുവതിക്ക് പരുക്ക്
കുളത്തൂപ്പുഴ(കൊല്ലം): യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ടിംബര്‍ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന സുജാതയുടെ മകള്‍ സുനന്ദ (27)യുടെ ദേഹത്താണ് ഭര്‍ത്താവ് ബൈജു ആസിഡൊഴിച്ചത്. കണ്ണിനും മുഖത്തും മുതുകത്തും സാരമായി പരുക്കേറ്റ സുനന്ദയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. കുട്ടികളില്ലാത്തതിനെച്ചൊല്ലി ബൈജു വഴക്കിടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നത് പതിവാണെന്ന് സുനന്ദ പറയുന്നു. ഏതാനും നാളായി ബൈജുവുമായി പിണങ്ങി കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോയ്ക്ക് സമീപം അമ്മയുടെ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി 11ഓടെ ബൈജു ഈ വീട്ടിലെത്തുകയും ഉറങ്ങിക്കിടന്നിരുന്ന സുനന്ദയെ മുടിക്കു കുത്തിപ്പിടിച്ച് വലിച്ച് നിലത്തിടുകയും ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൈയിലെ കന്നാസില്‍ കരുതിരുന്ന ആസിഡ് മുഖത്തും മുതുകിലും കുടയുകയായിരുന്നുവെന്നും സുനന്ദ പൊലിസിന് നല്കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."