ഹോട്ടലുടമയെ സഹായിക്കാന്‍ ഓട നിര്‍മാണം: ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം
ഏറ്റുമാനൂര്‍: സ്വകാര്യ ഹോട്ടലിന്റെ മലിനജലം ഒഴുക്കുന്നതിന് സഹായകമായി ഓടനിര്‍മ്മാണത്തിന് ചെയര്‍മാന്‍ ഏകപക്ഷീയമായി അനുമതി നല്‍കിയതിനെതിരേ നഗരസഭാ കൗണ്‍സിലില്‍ ബഹളം. ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിഷയം ചൂണ്ടികാട്ടിയതോടെ അംഗങ്ങള്‍ ഭൂരിഭാഗവും ചെയര്‍മാനെതിരേ തിരിഞ്ഞു.
പൊതുമരാമത്ത് വികസന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റികള്‍ അറിയാതെയായിരുന്നു നഗരസഭാ ആസ്ഥാനത്തിനു തൊട്ടുതാഴെ പ്രൈവറ്റ് ബസ് സ്റ്റാന്റിനു നടുവിലൂടെ പെട്ടെന്ന് ഓടനിര്‍മാണം ആരംഭിച്ചത്.ഒരു പ്രമുഖപത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നിര്‍മാണം തുടങ്ങിയതെന്നായിരുന്നു ചെയര്‍മാന്റെ വാദം. എന്നാല്‍ ഈ വാര്‍ത്തയ്ക്കു പിന്നില്‍ ഹോട്ടലുടമയും ചെയര്‍മാനും തല്‍പരകക്ഷികളുമാണെന്ന് അംഗങ്ങള്‍ ആരോപിച്ചു.
മഴവെള്ളം ഒഴുകി പോകാതെ കെട്ടികിടക്കുന്നു എന്ന വാര്‍ത്ത തെറ്റായിരുന്നുവെന്നും നല്ല വെയിലുള്ളപ്പോഴും ഇവിടെ കെട്ടികിടന്നത് ഹോട്ടലില്‍ നിന്നും മറ്റുമുള്ള മലിനജലമായിരുന്നു എന്നും അംഗങ്ങള്‍ ചൂണ്ടികാട്ടി.
പുതുതായി നിര്‍മിക്കുന്ന ഓടയ്ക്കു സമീപം കഴിഞ്ഞ ദിവസം ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് സ്റ്റാന്റിലേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്ന പൈപ്പ് കണ്ടെത്തിയിരുന്നു.ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം സ്വകാര്യവ്യക്തി മലിനജലം ഒഴുക്കുന്ന പൈപ്പ് അടയ്ക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനിടെ ഹോട്ടലില്‍ നിന്ന് മലിനജലം എം.സി റോഡില്‍ കെ.എസ്.ടി.പിയുടെ ഓടയിലേക്ക് ഒഴുക്കാന്‍ നീക്കം നടന്നതും ചര്‍ച്ച ചെയ്യപ്പെട്ടു.
ഹോട്ടലുകളിലെ മാലിന്യം ഓടകളിലൂടെ ഒഴുക്കാതെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് പ്ലാന്റുകള്‍ ഇനിയും സ്ഥാപിക്കാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."