ഏലം വിലയില്‍ ചാഞ്ചാട്ടം; കര്‍ഷക മനസ് നീറിപ്പുകയുന്നു
കട്ടപ്പന: കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മൂലം വൈകിയാരംഭിച്ച വിളവെടുപ്പ് സീസണ്‍ ചെറിയ തളര്‍ച്ചയ്ക്കുശേഷം സജീവമായതോടെ ഏലത്തിന്റെ വില കുറയുന്നത് കര്‍ഷകരുടെ മനസില്‍ ആശങ്കയുണര്‍ത്തുന്നു.
ഈ വര്‍ഷമാദ്യം 600 രൂപ വരെ താഴ്ന്ന ഏലം വില കഴിഞ്ഞയാഴ്ച്ച ശരാശരി 1150 വരെയെത്തിയെങ്കിലും പിന്നീട് കുറഞ്ഞു. കിലോയ്ക്ക് 1000 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. പലയിടത്തും ഈ സീസണിലെ ആദ്യവിളവെടുപ്പിന്റെ സമയമാണിപ്പോള്‍. വിലയില്‍ ഈ വിധം ചാഞ്ചാട്ടമുണ്ടാകുകയാണെങ്കില്‍ രണ്ടാം വിളവെടുപ്പ് കഴിയുന്നതോടെ വില വീണ്ടും താഴുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഉത്തരേന്ത്യയില്‍ നീണ്ട അവധിയെത്തുന്നതിനാല്‍ വിപണി നിര്‍ജീവമാകും. ആഭ്യന്തര വിപണിയിലെ തളര്‍ച്ചയ്‌ക്കൊപ്പം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കയറ്റുമതിയിലുണ്ടായ കുറവും ഏലം വിപണിയെ ദോഷകരമായി ബാധിച്ചേക്കാം. തമിഴ്‌നാട്ടിലെ വന്‍കിട വ്യാപാരികള്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ഏലത്തിന്റെ വിലയിടിക്കുന്നതിനുവേണ്ടി സംഭരിച്ച് വച്ചിരുന്ന ഏലക്ക ലേലകേന്ദ്രങ്ങളില്‍ വ്യാപകമായി ഇറക്കാന്‍ തുടങ്ങിയെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു. ഇത് പുതിയ ഏലക്കയുടെ ഡിമാന്റ് കുറയ്ക്കും.
ഒരു മഴ പെയ്താല്‍ പോലും ഉല്‍പാദനം വര്‍ധിക്കുമെന്ന ധാരണ പരത്തി മഴപെയ്യുമ്പോള്‍ വില കുറയ്ക്കുന്നതും ഏലം വിപണിയിലെ പതിവാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലയിലുണ്ടായ വര്‍ധനവും ഏലം കൃഷിയെ ദോഷകരമായി ബാധിക്കുന്നു. ഫാക്ടംഫോസ് ഉള്‍പ്പെടെ സബ്‌സിഡിയുള്ള വളങ്ങള്‍ക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഏലം സംസ്‌കരണ ചെലവുകളും വര്‍ധിച്ചിട്ടുണ്ട്.ഏലം ഉണക്കുന്ന ഡ്രയറുകളിലെ ഉണക്ക് കൂലി സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളുമില്ല. ഡ്രയറുകളെ വ്യാവസായിക മേഖലയില്‍ പെടുത്തിയിരിക്കുന്നതിനാല്‍ വൈദ്യുതചാര്‍ജില്‍ ഇളവുകളില്ലാത്തത് ഏലം സംസ്‌കരണ ചെലവ് വര്‍ധിപ്പിക്കുന്നു. നിലവില്‍ 5.50 രൂപ മുതല്‍ 9.30 രൂപവരെയാണ് വ്യാവസായിക മേഖലയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഈടാക്കുന്ന നിരക്ക്.
ജലസേചന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ കൃഷിയാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി യൂണിറ്റിന് 2 രൂപ നിരക്കിലാണ് ലഭ്യമാവുന്നത്. കര്‍ഷകര്‍ ഏലം ഉണക്കാനുപയോഗിക്കുന്ന ഡ്രയറുകളെ കൃഷിയാവശ്യമായി പരിഗണിച്ച് വൈദ്യുത താരിഫ് പുനഃക്രമീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സ്വകാര്യ ഏലം ലേലകേന്ദ്രങ്ങള്‍ കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍ലാഭമുണ്ടാക്കുന്നതായും ആരോപണമുണ്ട്. ഏലം ലേലത്തിന് വച്ച് പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വില നല്‍കണമെന്ന് സ്‌പൈസസ് ബോര്‍ഡ് നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും പണം ലഭിക്കാന്‍ ഒരു മാസം വരെ കാലതാമസമെടുക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത് ലേലത്തുകയുടെ ഒരു ശതമാനം ലേലകേന്ദ്രങ്ങള്‍ക്ക് കമ്മിഷനായി ലഭിക്കുന്നത് കൂടാതെ ജി.എസ്.ടിയുടെ പേരില്‍ കമ്മിഷന്‍ തുകയുടെ 18 ശതമാനം സേവനികുതി ഈടാക്കുന്നതായും പരാതിയുണ്ട്. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്ക് ജി.എസ്.ടി സേവനികുതി നല്‍കേണ്ടതില്ല. ഏലം ലേലകേന്ദ്രങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന കമ്മിഷന്‍ തുകയില്‍ നിന്നുമാണ് സേവന നികുതി നല്‍കേണ്ടത്. ഏലമുള്‍പ്പെടെയുള്ള വിളകളുടെ വിപണന വിതരണ കാര്യങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് ഇടപെടല്‍ നാമമാത്രമായതോടെയാണ് കര്‍ഷകര്‍ ഇത്തരം ചൂഷണത്തിനിരയാകേണ്ടി വന്നത്. സ്‌പൈസസ് ബോര്‍ഡ് വഴി ഏലം കൃഷിക്ക് നല്‍കിക്കൊണ്ടിരുന്ന സബ്‌സിഡികളും ധനസഹായവും പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന കൃഷി വകപ്പും നാമമാത്രമായ സഹായങ്ങളാണ് ഏലം കര്‍ഷകര്‍ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."