കുറുന്തോട്ടി കൃഷിയുമായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം
പുതുക്കാട്: കാര്‍ഷിക രംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വിജയം കൊയ്ത മറ്റത്തൂര്‍ മൂന്നുമുറിയിലെ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം 'ഔഷധവനം' പദ്ധതി പ്രകാരം കുറുന്തോട്ടി കൃഷി ചെയ്യാന്‍ പ്രത്യേക പരിഗണന നല്കുന്ന പദ്ധതി തയാറാക്കുന്നു.
പല ആയുര്‍വേദ ഔഷധ കൂട്ടുകളുടെയും ചേരുവകളിലൊന്ന് കുറുന്തോട്ടി ആണെങ്കിലും നിലവില്‍ ഈ ഔഷധ സസ്യം ആവശ്യത്തിന് ലഭിക്കുന്നില്ല. ഈ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംഘത്തെ പ്രേരിപ്പിച്ച മുഖ്യ ഘടകവും ഇതുതന്നെയാണ്. മറ്റു പദ്ധതികള്‍ പോലെ തന്നെ ഉല്പന്നം സംഘം തിരികെ തന്നെ വാങ്ങുന്നതാണ്.
ഔഷധ സസ്യങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനും കൂടിയുള്ള പദ്ധതിയാണ് സഹകരണ സംഘം നടപ്പിലാക്കുന്നത്. നിലവില്‍ ഈ ജോലി ചെയ്യുന്ന 40 മുതല്‍ 85 വയസുവരെയുള്ള നൂറോളം പേര് ലേബര്‍ സൊസൈറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കാട് മണ്ഡലത്തില്‍ നിന്ന് കുറുന്തോട്ടി സംഭരണം നടത്തുന്ന 400 ഓളം പേരെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇവരില്‍ നിന്നും ഔഷധങ്ങള്‍ ശേഖരിച്ചു കോടാലിയിലുള്ള സംഭരണ കേന്ദ്രത്തില്‍ എത്തിച്ച് ഔഷധി, കോട്ടക്കല്‍, വൈദ്യരത്നം തുടങ്ങിയ ആയുര്‍വേദ മരുന്നുല്പാദകര്ക്ക് സൊസൈറ്റി വിതരണം ചെയ്യും. പുതുക്കാട് മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലായി നിലവില്‍ നൂറോളം ഏക്കര്‍ സ്ഥലത്താണ് സൊസൈറ്റിക്ക് വേണ്ടി ഔഷധ സസ്യ കൃഷി നടത്തുന്നത്.
കുറുന്തോട്ടി കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതോടെ ഈ വര്‍ഷം അടുത്ത 50 ഏക്കറില്‍ കൂടി ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘം പ്രസിഡന്റ് എ.കെ സുകുമാരന്‍ സെക്രട്ടറി പി.എസ് പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."