വി.എല്‍.സി സമരം വിജയിപ്പിക്കണം: സി.ഐ.ടി.യു
കൊല്ലം: വി.എല്‍.സി മാനേജ്മെന്റ് 10,000 ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറികള്‍ രണ്ട് വര്‍ഷക്കാലമായി അടച്ചിട്ട് കഴിഞ്ഞ വര്‍ഷം ഓണത്തിന് ബോണസ് പോലും നല്‍കാതെ തൊഴിലാളികളെ പട്ടിണിക്കിട്ടിരിക്കയാണെന്ന് സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് സുദേവനും പ്രസ്താവനയില്‍ പറഞ്ഞു.
കാഷ്യൂ വര്‍ക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തുകയും മൂന്നുമാസക്കാലം തുടര്‍ച്ചയായി ഫാക്ടറികള്‍ക്ക് മുന്പില് തൊഴിലാളികളും യൂണിയന് പ്രവര്‍ത്തകരും നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി.
ഹെഡ് ഒഫിസിന് മുന്നില്‍ നിരാഹാരം ആരംഭിക്കാന്‍ തീരുമാനിച്ച ദിവസം മാനേജ്മെന്റ് കാഷ്യൂ വര്‍ക്കേഴ്സ് സെന്ററുമായി ഏപ്രില്‍ മാസം ഫാക്ടറികള്‍ തുറക്കാമെന്ന് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
കരാര്‍ ലംഘനം നടത്തി ഫാക്ടറി തുറക്കാത്ത സമീപനമാണ് തുടരുന്നത്. കേരളത്തിലെ ഫാക്ടറികള്‍ അടച്ചിട്ടിട്ട് ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വി.എല്‍.സി മാനേജ്മെന്റ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഇതിനെതിരേയാണ് കാഷ്യൂ സെന്ററിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 21ന് പാക്കിങ് സെന്ററുകള്‍ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."