ജനാധിപത്യം തകരാന്‍ നീതിപീഠം അനുവദിക്കില്ല
ഈയിടെ സുപ്രിംകോടതിയില്‍നിന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍നിന്നും സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയില്‍നിന്നും വന്ന ചില വിധിന്യായങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിളക്കുകള്‍ അണഞ്ഞുപോയിട്ടില്ലെന്ന ശുഭാപ്തി വിശ്വാസമാണു പൊതുസമൂഹത്തിനു നല്‍കിയത്. സ്വകാര്യത വ്യക്തിസ്വാതന്ത്ര്യമാണെന്നും ഭരണകൂടങ്ങളെപ്പോലും ആജ്ഞാനുവര്‍ത്തികളാക്കാന്‍ കെല്‍പ്പുള്ള ആള്‍ദൈവങ്ങളെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജുഡീഷ്യറി ശക്തമാണെന്നുമുള്ള സന്ദേശമാണ് നീതിപീഠങ്ങള്‍ നല്‍കിയിരിക്കുന്നത്.
ദേരാ സച്ചാ സൗദാ ഗുരു ഗുര്‍മിത് റാം റഹിം സിങ്ങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്നാണു സി.ബി.ഐ. സ് പെഷ്യല്‍ കോടതി ജഡ്ജി ജഗ്ദീപ് സിങ് വിധിച്ചിരിക്കയാണ്. രാജ്യത്തെ തീവ്രഹിന്ദുത്വത്തിലേയ്ക്ക് ഇന്നത്തെ ഭരണാധികാരികള്‍ കൊണ്ടുപോകുമ്പോള്‍ അതിനെതിരേ നിര്‍ഭയം ശബ്ദിക്കാന്‍ നീതിപീഠങ്ങള്‍ ആര്‍ജ്ജവം കാണിക്കുന്നുവെന്നതാണ് ഈ കാലത്തു പ്രതീക്ഷയുടെ തുരുത്താവുന്നത്.
കഴിഞ്ഞദിവസം പഞ്ചാബ്,ഹരിയാന ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഗട്ടറിനെതിരേയും അതിരൂക്ഷവിമര്‍ശനമാണു നടത്തിയത്. നരേന്ദ്രമോദി ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പ്രധാനമന്ത്രിയാണെന്നും നീതിപീഠത്തിന് ഓര്‍മപ്പെടുത്തേണ്ടി വന്നു. ഇതില്‍നിന്നു തന്നെ എന്തുമാത്രം പക്ഷപാതത്തോടെയാണ് അദേഹം ഭരണചക്രം തിരിക്കുന്നതെന്നു വ്യക്തം.
രാജ്യത്തെ മറ്റൊരു പ്രധാനമന്ത്രിക്കും നീതിപീഠത്തില്‍നിന്ന് ഇതുപോലെ ഗുരുതരമായ വിമര്‍ശനം നേരിടേണ്ടിവന്നിട്ടില്ല. രാം റഹീമിന്റെ കൈവെള്ളയിലെ വോട്ട്ബാങ്ക് കണ്ടു കണ്ണു മഞ്ഞളിച്ചുപോയതിനാലാണു ഹരിയാന കത്തിയെരിഞ്ഞിട്ടും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അനങ്ങാതിരുന്നത്. ബി.ജെ.പിക്കു കാലുകുത്താന്‍ ഇടമില്ലാതിരുന്ന ഹരിയാനയില്‍ ബി.ജെ.പിയെ ഭരണത്തില്‍ കൊണ്ടുവന്നതില്‍റാം റഹിം എന്ന കള്ളദൈവത്തിന് അനല്‍പമായ പങ്കുണ്ട്. അപ്പോള്‍ എങ്ങനെയാണു ഖട്ടര്‍ ഗുര്‍മിതിനെ തള്ളി പറയുക. എങ്ങനെയാണു ബി.ജെ.പി ദേശീയനേതൃത്വം ഖട്ടറെ പിന്‍വലിക്കുക.
കൈയിലൊരു വീണയുണ്ടായിരുന്നെങ്കില്‍ ഹരിയാന കത്തിയെരിയും നേരം ഖട്ടര്‍ അതു വായിച്ചിരിക്കുമായിരുന്നു. ആക്രമണങ്ങളില്‍ 36 പേര്‍ മരിച്ചിട്ടും കോടികളുടെ സ്വത്തുക്കള്‍ കത്തിച്ചാമ്പലായിട്ടും ഇരുനൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടും ബി.ജെ.പി. ഭരണകൂടത്തിനു കുലുക്കമില്ല. അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിക്കുന്നില്ല. മൂന്നു സംസ്ഥാനങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ടും കേന്ദ്രസര്‍ക്കാറിനും സംസ്ഥാനസര്‍ക്കാറുകള്‍ക്കും കുലുക്കമില്ലെങ്കില്‍ ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന രാജ്യസ്‌നേഹത്തിന്റെ അളവുകോലെന്താണ്.
'നമ്മള്‍ ഒറ്റ രാഷ്ട്രമാണോ പാര്‍ട്ടിയുടെ രാഷ്ട്രമാണോ' എന്ന ഹരിയാന പഞ്ചാബ് ഹൈക്കോടതിയുടെ ഒറ്റചോദ്യം മതി ഇവരുടെ രാജ്യസ്‌നേഹത്തിന്റെ പുറംപൂച്ചു വ്യക്തമാകാന്‍. ഗുര്‍മിത് റാം റഹിമിന്റെ ആസ്ഥാനമന്ദിരത്തിന് എന്തടിസ്ഥാനത്തിലാണ് 51 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതെന്ന കോടതിയുടെ ചോദ്യത്തിനു മനോഹര്‍ ലാല്‍ ഖട്ടറിന് ഉത്തരമില്ല. ഏതെങ്കിലുമൊരു ക്രിമിനല്‍ ഒരുദിനം താനൊരു ദൈവമാണെന്നു പറഞ്ഞാല്‍ അയാള്‍ക്കു ചുറ്റും ജനങ്ങള്‍ കൂടും.
'ഞാന്‍ നിങ്ങള്‍ക്കു വീടു തരാം, തൊഴില്‍ തരാം, രോഗശാന്തി നല്‍കാമെന്നു പറയുമ്പോള്‍ അനുയായികളുണ്ടാവുക സ്വാഭാവികം. ഇത്തരം കാര്യങ്ങളില്‍ അധഃസ്ഥിതവിഭാഗങ്ങളെ സര്‍ക്കാറുകള്‍ അവഗണിക്കുമ്പോള്‍ അവരെ പരിഗണിക്കാമെന്നു പറയുന്ന ആള്‍ദൈവങ്ങള്‍ക്ക് അനുയായികള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. അനുയായികള്‍ പെരുകുമ്പോള്‍ അതൊരു വോട്ട്ബാങ്കായി മാറുകയും ആള്‍ദൈവത്തെ വശത്താക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുകയും ചെയ്യുന്നു. ഒരമ്പലത്തിലും പോകാത്ത വിപ്ലവപാര്‍ട്ടികളുടെ നേതാക്കള്‍വരെ ഇത്തരം ആള്‍ദൈവങ്ങളുടെ ആശ്രമകവാടങ്ങളില്‍ കാത്തുകിടക്കും.
ഇന്ത്യന്‍ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണിത്. കാരണം, പിന്നീട് ആള്‍ദൈവമായിരിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലും ആര് എം.എല്‍.എയാകണം ആരു മന്ത്രിയാകണമെന്നൊക്കെ തീരുമാനിക്കുക. ആറുകോടി അനുയായികള്‍ റാം റഹിമിനുള്ളപ്പോള്‍ അയാള്‍ക്കു ബി.ജെ.പി. സര്‍ക്കാറിന്റെ രാജകീയപരിരക്ഷ കിട്ടുന്നതില്‍ എന്തത്ഭുതം. അയാളെ പ്രകീര്‍ത്തിച്ചു പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നതില്‍ എന്തത്ഭുതം.
ആസാറാം ബാപ്പു എന്ന ആള്‍ദൈവ ക്രിമിനലിനു ഡല്‍ഹിയുടെ മധ്യത്തില്‍ ആറേക്കര്‍ ദാനംചെയ്തവരാണ് ഈ രാജ്യത്തെ സര്‍ക്കാര്‍.ആശാറാം ബാപ്പു ഇന്നു ജയിലിലാണ്. നിരവധി കള്ളദൈവങ്ങളുടെ പരിരക്ഷകരാണ് അതതുകാലത്തെ സര്‍ക്കാറുകള്‍. ആള്‍ദൈവങ്ങള്‍ സര്‍ക്കാറുകളെപ്പോലും ഭസ്മീകരിക്കുവാന്‍ പോന്ന അധികാരകേന്ദ്രങ്ങളാകുമ്പോള്‍ അവരെ തളയ്ക്കാന്‍ നമ്മുടെ ജുഡീഷ്യറി അതിശക്തമാണെന്നതാണു രാജ്യത്തിന്റെ ജനാധിപത്യം അഭംഗുരം നിലനില്‍ക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."