ജല കായിക ഭൂപടത്തില്‍ ഇനി കണ്ണൂരും
കണ്ണൂര്‍: ജല കായിക വിനോദങ്ങളിലും സാഹസിക കായികരംഗത്തും പുതിയ സാധ്യതകള്‍ തുറന്ന് ധര്‍മടം ബീച്ചില്‍ കയാക്കിങ്ങ് എക്സ്പെഡിഷന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ധര്‍മടം ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച കയാക്കിങ് പരിപാടി ഉദ്ഘാടനം ചെയ്തത്. ബീച്ചിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിനടുത്ത് നിന്ന് ആരംഭിച്ച് പിണറായി പാര്‍ക്ക് വരെ നാലു കിലോമീറ്ററാണ് കയാക്കിങ് നടത്തുന്നത്. തലശ്ശേരിയും പരിസരവുമായുള്ള പ്രദേശങ്ങള്‍ നല്ല ടൂറിസം കേന്ദ്രമായി മാറുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ധര്‍മടം ബീച്ചില്‍ ഇപ്പോള്‍ ആരംഭിക്കുന്ന കയാക്കിങ്ങ് ഒക്ടോബര്‍ മുതല്‍ സ്ഥിരമായി എല്ലാ ദിവസവും നടത്താനാണ് ഉദ്ദേശിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയും മുഴപ്പിലങ്ങാട് ബീച്ച് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതികളുമെല്ലാം ഒത്തുവരുമ്പോള്‍ മേഖല നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. കെ.കെ രാഗേഷ് എംപി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ കെ.വി സുമേഷ്, ജില്ലാ പൊലിസ് മേധാവി ശിവവിക്രം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. ചെറുപുഴ എക്സ്ട്രീം അഡ്വഞ്ചേഴ്സുമായി ചേര്‍ന്നാണ് ഡി.ടി.പി.സി കയാക്കിങ് സംഘടിപ്പിക്കുന്നത്. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എട്ട് കയാക്കുകളിലും രണ്ടുപേര്‍ക്ക് പോകാവുന്ന ആറ് ടാന്‍ഡെം കയാക്കുകളിലുമായി 20 പേര്‍ക്ക് ഒരു ബാച്ചില്‍ യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."