നേന്ത്രപ്പഴത്തിന് 'ഓണ'വില!
ചങ്ങരംകുളം: ഓണക്കാലമെത്തിയതോടെ ഓണവിഭവങ്ങളില്‍ പ്രധാനിയായ നേന്ത്രപ്പഴത്തിനു പൊള്ളുന്ന വില. കഴിഞ്ഞ ദിവസംവരെ കിലോയ്ക്കു 45 മുതല്‍ 50രൂപവരെ വിലയുണ്ടായിരുന്ന നേന്ത്രപ്പഴ വില കുതിച്ചുകയറി 65 മുതല്‍ എഴുപതു രൂപവരെ ആയിട്ടുണ്ട്. ഓണം അടുക്കുന്നതോടെ പൊതുവിപണിയില്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.
പച്ചക്കായയ്ക്കു വില വര്‍ധിച്ചതുകൊണ്ടാണ് നേന്ത്രപ്പഴ വിലയും കൂടുന്നത്. ഓരോ ദിവസവും വില കൂടുകയാണ്. ഉല്‍പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപ്പാളയത്തുനിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍, വില ഉയര്‍ത്തുന്നതിനു പിന്നില്‍ കേരളത്തിലേക്കുള്ള വാഴപ്പഴത്തിന്റെ വരവ് തടയുന്ന തമിഴ്‌നാട്ടിലെ ഉല്‍പാദക വിഭാഗമാണെന്ന ആരോപണവുമുണ്ട്. വിളയുമ്പോള്‍ മുറിച്ചെടുക്കുന്ന കുല വിപണിയിലെത്തിക്കാതെ ശീതീകരിച്ച ഗോഡൗണുകളിലേക്കു മാറ്റുന്നതാണ് ഇപ്പോഴത്തെ രീതി. വിപണിയില്‍ വാഴക്കുലയ്ക്കു ക്ഷാമം നേരിടുമ്പോള്‍ കൂടിയ വിലയ്ക്കു മാത്രം വില്‍ക്കുകയാണ് ചെയ്യുന്നത്. തൃശ്ശിനാപ്പള്ളി, പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ ബനാന അസോസിയേഷനുകള്‍ക്കു വന്‍തോതില്‍ കുല സംഭരിക്കാനുള്ള ശീതീകരിച്ച ഗോഡൗണ്‍ സൗകര്യമുണ്ട്. ഗോഡൗണിലേക്കു മാറ്റുന്ന ഉല്‍പന്നങ്ങള്‍ക്ക് അവയുടെ ഈടില്‍ ബാങ്ക് വായ്പയും ലഭിക്കുന്നുണ്ട്. അതിനാല്‍ കര്‍ഷകന് അടുത്ത കൃഷിയിറക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടും ഒഴിവാകും. ഓണം വിപണി ലക്ഷ്യമിട്ടു സംസ്ഥാനത്തു കൃഷി ചെയ്തിരിക്കുന്ന ഏത്തവാഴയുടെ വിളവെടുപ്പ് നടക്കുന്നതോടെ വില കുറയുമെന്നും പ്രതീക്ഷയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."