ഓണം-ബലിപെരുന്നാള്‍ ആഘോഷങ്ങള്‍; കീശ കീറും
പെരിന്തല്‍മണ്ണ: ഓണവും ബലിപെരുന്നാളും അടുത്തിരിക്കേ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം. പച്ചക്കറികള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നിട്ടുള്ളത്. ഇത് ഓണാഘോഷത്തെ കാര്യമായി ബാധിക്കും. മത്സ്യം, മാംസം എന്നിവയ്ക്കും വില പിടിവിട്ടു കുതിക്കുകയാണ്.
ഓണവും ബലിപെരുന്നാളും ഒരുമിച്ചെത്തിയതോടെയുണ്ടായ വന്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍തലത്തില്‍ നടത്തിയ ശ്രമങ്ങളും ഫലവത്തായിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ പച്ചക്കറി വിപണിയില്‍ മാത്രം പല സാധനങ്ങളുടെയും വില നാലിരട്ടിവരെ വര്‍ധിച്ചിട്ടുണ്ട്. തക്കാളിയുടെയും സവാളയുടെയും വിലയിലുള്ള വര്‍ധനവാണ് ഉപഭോക്താക്കളെ വല്ലാതെ വലയ്ക്കുന്നത്. ജൂണില്‍ 12 രൂപയുണ്ടായിരുന്ന തക്കാളി വില ജൂലൈ ഇരുപതോടെ എണ്‍പതിലെത്തി. കുറഞ്ഞും കൂടിയും നിലവില്‍ വില 47 രൂപയാണ്. സവാള വിലയും ഉയരുകയാണ്. ഒരു മാസം മുന്‍പു കിലോയ്ക്ക് 15 രൂപയായിരുന്നത് ഇപ്പോള്‍ 35ലെത്തി.
പൂവന്‍ പഴം 60, മൈസൂര്‍ പഴം 50, റോബസ്റ്റ് 40, നാടന്‍ പയര്‍ 60, ചെറിയ ഉള്ളി 90, കയ്പക്ക 40, പടവലം 40 എന്നിങ്ങനെയാണ് വിലനിലവാരം. പച്ചമുളക് വില 30 രൂപയില്‍നിന്ന് എഴുപതു രൂപയായി. മുരിങ്ങക്കായ 45, ബീന്‍സ് 40, വെണ്ട 60, പടവലം 40, പാവയ്ക്ക 50, ചേന 45, ചേമ്പ് 45, വഴുതന 40, ഇഞ്ചി 60, കാരറ്റ് 60, മാങ്ങ 70, വെള്ളരി 30, ബീറ്റ്‌റൂട്ട് 40 എന്നിങ്ങനെയാണ് വില. പ്രതികൂല കാലാവസ്ഥയില്‍ വിളവിലുണ്ടായ കുറവു കാരണം പച്ചക്കറികള്‍ക്കു കൃത്യമായ വില കണ്ടെത്താന്‍ കഴിയുന്നില്ല. ഇതു മുതലെടുത്തു കച്ചവടക്കാര്‍ തോന്നുംപടി വില്‍ക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
ബീഫിന്റെയും മത്സ്യത്തിന്റെയും കാര്യവും മറിച്ചല്ല. ബീഫിനു കിലോയ്ക്ക് 250നു മുകളിലെത്തിയിട്ടുണ്ട്. മത്സ്യവിപണിയില്‍ മഴയായതോടെ വില കുതിച്ചുയര്‍ന്നിരുന്നതു ചെറിയ രീതിയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പെരുന്നാള്‍ ആകുന്നതോടെ പിടിവിടുമെന്നു വ്യാപാരികളും പറയുന്നു.
വിമാനടിക്കറ്റിനും 'തീപിടിച്ചു'
കൊണ്ടോട്ടി: ഓണവും ബലിപെരുന്നാളും ആഘോഷിക്കാന്‍ നാട്ടിലേക്കു മടങ്ങി തിരികെ പറക്കണമെങ്കില്‍ പ്രവാസികള്‍ വിയര്‍ക്കും. ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടിയിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ മുതല്‍ ചെലവു കുറഞ്ഞ ബജറ്റ് എയര്‍ലൈനുകള്‍വരെ പൊളളുന്ന നിരക്കാണ് ഈടാക്കുന്നത്.
അടുത്ത മാസം ആദ്യത്തോടെ അഞ്ചു മുതല്‍ പത്തിരട്ടിവരെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്. അടുത്ത ആദ്യ മൂന്നാഴ്ച ഗള്‍ഫിലേക്കുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കരിപ്പൂരില്‍നിന്നു ദുബൈ, ഷാര്‍ജ, അബുദാബി മേഖലയിലേക്ക് 5,500 മുതല്‍ 7,000 രൂപവരെയുണ്ടായിരുന്ന നിരക്ക് 40,000 രൂപയ്ക്കു മുകളിലെത്തി. കരിപ്പൂര്‍-ദോഹ സെക്ടറില്‍ 45,000 രൂപ നല്‍കേണ്ട അവസ്ഥയാണ്. സാധാരണ നിരക്കിന്റെ പത്തിരട്ടിയോളമാണിത്. കരിപ്പൂരില്‍നിന്നു മുംബൈ വഴി ജിദ്ദയിലേക്കുള്ള കണക്ഷന്‍ വിമനമാനത്തില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ 45,000 രൂപയിലേറെ നല്‍കണം. റിയാദിലേക്ക് 40,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് കുത്തനെ ഉയര്‍ത്തിയുണ്ട്. കരിപ്പൂരില്‍ ജംബോ സര്‍വിസുകളില്ലാത്തതിനാല്‍ ജിദ്ദ മേഖലയിലേക്കു പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്.
ഇതു മുന്‍കൂട്ടിക്കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."