വിഴിഞ്ഞം പുതിയ വാര്‍ഫിലെ വേ ബ്രിഡ്ജ് ഉപയോഗശൂന്യം
വിഴിഞ്ഞം: ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വേബ്രിഡ്ജ് കാറ്റും മഴയുമേറ്റ് നാശത്തിന്റെ വക്കിലായിട്ടും ഒരു വേവലാതിയുമില്ലാതെ തുറമുഖ വകുപ്പധികൃതര്‍. ഇലക്ട്രിസിറ്റി കണക്ഷന്‍ പോലും ഇല്ലാതിരുന്ന വാര്‍ഫില്‍ മുന്‍പിന്‍ നോക്കാതെ വേബ്രിഡ്ജ് സ്ഥാപിച്ചവര്‍ ഒന്നുതിരിഞ്ഞ് നോക്കാന്‍ പോലും ഇപ്പോള്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതോടെ സീവേഡ് വാര്‍ഫില്‍ എത്തുന്ന ചരക്കുകളുടെ ഭാരമളക്കാനെന്ന പേരില്‍ സ്ഥാപിച്ച വേബ്രിഡ്ജ് ഒരുകിലോ ഭാരം പോലും അളന്നു നോക്കാതെയാണ് അന്ത്യശ്വാസം വലിച്ച് കിടക്കുന്നത്. കോടികള്‍ മുടക്കി വാര്‍ഫ് നവീകരണം നടത്തി വന്‍തോതിലുള്ള കയറ്റിറക്ക് ഉടന്‍ നടക്കുമെന്ന് പ്രഖ്യാപിച്ചാണ് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി വിഴിഞ്ഞം തുറമുഖത്തെ പുതിയ വാര്‍ഫില്‍ വേ ബ്രിഡ്ജ് സ്ഥാപിച്ചത്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നടത്തിയ വാര്‍ഫ് നവീകരണം അശാസ്ത്രീയമാണെന്നാരോപിച്ച് വാര്‍ഫ് ഏറ്റെടുക്കാന്‍ തുറമുഖ വകുപ്പ് വിസമ്മതിച്ചതില്‍ തുടങ്ങിയതാണ് സീവേഡ് വാര്‍ഫിന്റെ ദുര്‍ഗതി. ഇതിനിടയിലാണ് കറണ്ടില്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ വാര്‍ഫില്‍ ഭാരമളക്കാനുള്ള യന്ത്രം സ്ഥാപിച്ച് ജനത്തിന്റെ നികുതിപ്പണം വെള്ളത്തിലാക്കിയത്. നിലവില്‍ ചരക്ക് നീക്കം നടക്കുന്ന ലീവേഡ് വാര്‍ഫെന്നറിയപ്പെടുന്ന പഴയവാര്‍ഫില്‍ വേ ബ്രിഡ്ജ് സ്ഥാപിക്കാതെയാണ് അധികൃതരുടെ പണംകൊണ്ടുള്ള ഈ കസര്‍ത്തെന്നാണ് ആക്ഷേപം. വിശാലമായ വാര്‍ഫും സുരക്ഷാമതിലും വേ ബ്രിഡ്ജും സ്റ്റോറേജ് യാര്‍ഡുമടക്കം സൗകര്യങ്ങളുള്ള സീവേഡ് വാര്‍ഫ് അധികൃതരുടെ അനാസ്ഥമൂലമാണ് ചരക്ക് കയറ്റിറക്ക് നടക്കാതെ പോകുന്നതെന്നാണ് വലിയ പ്രതീക്ഷകളോടെ തൊഴില്‍ പ്രതീക്ഷിച്ചിരുന്ന തൊഴിലാളികള്‍ പറയുന്നത്.
നിലവില്‍ നിരവധി സുരക്ഷാ പാളിച്ചകളുള്ള പഴയവാര്‍ഫിലൂടെയാണ് ഇതരരാജ്യത്തേക്കുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടെയുള്ളവ കയറ്റി അയക്കുന്നത്. നിരവധി ലോറികളില്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ വിദേശകപ്പലുകളില്‍ കയറ്റിവിടുമ്പോള്‍ ഭാരമളക്കല്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, എല്ലാം ചിലരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നടക്കം പായ്ക്കറ്റുകളിലും വലിയ ചാക്കുകളിലും നിറച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ എന്തെന്ന് പോലും നോക്കാന്‍ ഇവിടെ ആളും സൌകര്യങ്ങളുമില്ല. ഇത് ഗുരുതരമായ സുരക്ഷാ പാളിച്ചയാണ് എന്ന മുന്നറിയിപ്പുകളും തുറമുഖ വകുപ്പധികൃതരടക്കമുള്ളവര്‍ മുഖവിലെക്കെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് പഴയ വാര്‍ഫും പുതിയ വാര്‍ഫും സ്ഥിതി ചെയ്യുന്നത്. പഴയ വാര്‍ഫില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ പുതിയ വാര്‍ഫിലെത്തിച്ച് വേബ്രിഡ്ജില്‍ തൂക്കി നോക്കാന്‍ അവസരമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ ഇതിന് തയാറാവുന്നില്ല. വൈദ്യുതിയില്ലാത്തത് കാരണമാണ് വേബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതെന്നായിരുന്നു അധികൃതരുടെ നേരത്തെയുള്ള വാദം. എന്നാല്‍ വാര്‍ഫില്‍ കറണ്ട് വന്നശേഷവും വേ ബ്രിഡ്ജ് ഉപയോഗിക്കാന്‍ അധികൃതര്‍ തയാറായില്ല. പുതിയ വാര്‍ഫില്‍ ഉപയോഗമില്ലെങ്കില്‍ ഭാരമളക്കുന്ന യന്ത്രത്തെ പഴയ വാര്‍ഫിലേക്ക് യഥാസമയം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍ ലക്ഷങ്ങള്‍ തുരുമ്പെടുത്തുപോകാതെ സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ കാരണം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായ യന്ത്രം ഇനി പ്രവര്‍ത്തനക്ഷമമാകുമോ എന്ന കാര്യവും സംശയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."