കണ്ണിന് വിരുന്നൊരുക്കി കുമ്പളങ്ങിയില്‍ ഫ്‌ലെമിങ്കോ പക്ഷികള്‍ പറന്നെത്തി
പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തില്‍ ദേശാടന പക്ഷിയായ ഫ്‌ലെമിങ്കോകള്‍ പറന്നെത്തി. വലുപ്പമേറിയ ഗ്രേറ്റര്‍ ചിലിയന്‍ഫ്‌ലെമിങ്കോ ഇനങ്ങളിലെ നാലു പക്ഷികളാണ് കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് ഇവിടെത്തിയത്. സൗത്ത് അമേരിക്കയിലും, സൗത്ത് ആഫ്രിക്കയിലും കണ്ടു വരുന്ന ഈ ദേശാടന പക്ഷികളെ കാണാന്‍ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷവും ചിങ്ങമാസത്തില്‍ മൂന്നു ഫ്‌ലെമിങ്കോകള്‍ ഇവിടെയെത്തിയിരുന്നു. അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇവിടെ ഇവ തങ്ങാറില്ല. നീളമേറിയ ഇവറ്റകളുടെ കഴുത്തുകളും, നീളം കൂടിയ കാലുകളും പക്ഷികളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
തൂവെള്ള പട്ടു പോലെയുള്ള ഇവയുടെ തൂവലുകള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയാണ്. ലോകത്താകമാനം ആറു വര്‍ണ്ണങ്ങളിലാണ് ഇവയുള്ളത്. വെള്ളത്തിലേക്കു് ഊളിയിടുന്നതും, തല ചിറകിനുള്ളിലാക്കി ഒറ്റക്കാലില്‍ വിശ്രമിക്കുന്നതും മനോഹര കാഴ്ചയാണ്. ഫ്‌ലെമിങ്കോകള്‍ ഇവിടെ എത്തിയതു മുതല്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുകയാണ് മത്സ്യം ഒഴികെയുള്ള ജീവികളാണ് ഇവയുടെ ആഹാരം.
കുന്നിന് മുകളിലെ മരങ്ങളിലാണ് സര്‍വ്വസാധാരണയായി ഇവ മുട്ടയിടുന്നത്. അടുത്ത സ്ഥലത്തേക്ക് യാത്രയാകും മുന്‍പ് തങ്ങളെ തേടിയെത്തുന്നവരെ സന്തോഷിപ്പിക്കുവാനെന്നോണം ഇവ കൂട്ടത്തോടെ പാടത്തിന് മുകളില്‍ വട്ടം ഇട്ട് പറക്കുന്നതും കണ്ണിനുവിരുന്നേകുന്ന കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."