അണ്ണാ ഡി.എം.കെയില്‍ അധികാര വടംവലി: പാര്‍ട്ടിയില്‍ പിടിമുറുക്കി ദിനകരന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് അണ്ണാ ഡി.എം.കെയില്‍ അധികാര വടംവലി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന വിഭാഗത്തെ മറികടന്ന് ടി.ടി.വി ദിനകരന്‍ അണ്ണാഡി.എം.കെയില്‍ പിടിമുറുക്കിയതോടെയാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് 40 അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ വിട്ടുനിന്നു. ഇതോടെ സര്‍ക്കാര്‍ പക്ഷം 90 എം.എല്‍.എമാരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് 40 എം.എല്‍.എമാര്‍ മന്നാര്‍ഗുഡി സംഘത്തിന് പിന്തുണ നല്‍കി യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
ശശികലയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ടി.ടി.വി ദിനകരനെ അനുകൂലിക്കുന്നവര്‍ വിട്ടുനിന്നത്. നേരത്തെ 19 എം.എല്‍.എമാര്‍ ദിനകരന് വേണ്ടി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ എം.എല്‍.എമാര്‍ കൂടി ദിനകര പക്ഷത്താണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നു വിട്ടുനിന്നത്.
അണ്ണാ ഡി.എം.കെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം എടപ്പാടി പളനിസാമിയെ ടി.ടി.വി ദിനകരന്‍ പുറത്താക്കിയിരുന്നു. എടപ്പാടി- പനീര്‍ശെല്‍വം ലയനത്തോടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ദിനകരന്‍. മുന്‍ എം.എല്‍.എ എസ്.കെ ശെല്‍വനെയാണ് സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. ശശികലയുടെ അറിവോട് കൂടിയാണ് ഇതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശെല്‍വവുമായി സഹകരിക്കണമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ തമിഴ്‌നാട് നിയമസഭയില്‍ 117 ആണ് കേവല ഭൂരിപക്ഷം. പനീര്‍ശെല്‍വം വിമതനായി നിന്ന സമയത്ത് 122 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസ വോട്ടെടുപ്പ് ജയിച്ചത്. 11 എം.എല്‍.എമാരാണ് ഒ.പി.എസ് പക്ഷത്തുണ്ടായത്. ഒ.പി.എസ് -ഇ.പി.എസ് ലയനത്തോടെ അണ്ണാ ഡി.എം.കെ ശക്തമായപ്പോഴാണ് 40 എം.എല്‍.എമാര്‍ ദിനകരനൊപ്പം കൂടിയത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴാനുള്ള സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."