വിടപറഞ്ഞത് സമസ്തയെയും കോണ്‍ഗ്രസിനെയും നെഞ്ചേറ്റിയ നേതാവ്
കോഴിക്കോട്: സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറിയും കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ എലത്തൂര്‍ കൊട്ടേടത്ത് മൊയ്തീന്‍ കോയയുടെ അപ്രതീക്ഷിത വേര്‍പാട് നാടിനും സമുദായത്തിനും തീരാനഷ്ടമായി. സര്‍ക്കാര്‍ സര്‍വിസില്‍നിന്നു വിരമിച്ച ശേഷം മുഴുസമയ സമസ്തയുടെയും പോഷക സംഘടനകളുടെയും സഹകാരിയും പൊതുസംഘാടകനുമായി അദ്ദേഹം നഗരത്തിലുണ്ടായിരുന്നു.
പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാരും സമസ്തയും നടപ്പാക്കുന്ന സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെല്ലാം തികഞ്ഞ ആത്മാര്‍ഥതയോടെ അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കുകളോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചെട്ടിക്കുളം ജുമാമസ്ജിദില്‍ കബറടക്കി.
എലത്തൂര്‍ എം.ഐ എച്ച്.എസ് മദ്‌റസാ ഓഡിറ്റോറിയിത്തില്‍ നടന്ന അനുശോചന യോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, റഹിയ, ജൈസല്‍ അത്തോളി, അഡ്വ. എം. രാജന്‍, വി.കെ മോഹന്‍ദാസ്, സുരേഷ് ബാബു, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സലീം ഹാജി, ടി.പി വിജയന്‍, ജനാര്‍ദനന്‍, പി.വി നിര്‍മലന്‍, ഗഫൂര്‍, പ്രജോഷ്, കെ.കെ മുസ്തഫ സംബന്ധിച്ചു. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.കെ മാനു സാഹിബ്, നാസര്‍ ഫൈസി കൂടത്തായി, എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, ദാസന്‍ എം.എല്‍.എ, കെ.സി അബു, അഡ്വ. പി. ശങ്കരന്‍, ഇബ്രാഹീം ബാഫഖി തങ്ങള്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."