സഹകരണ ബാങ്കുകള്‍ യുവാക്കളെ ആകര്‍ഷിക്കണം
കോഴിക്കോട്: യുവാക്കള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് അവര്‍ മേഖലയിലേക്കു വരാത്തതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവംബര്‍ 14 മുതല്‍ 20വരെ നടക്കുന്ന 64-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമയനഷ്ടമില്ലാതെ വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാവണമെന്നാണ് യുവാക്കളാഗ്രഹിക്കുന്നത്. ഇതിനായി ആധുനികതയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹകരണ മേഖല തയാറാകണം.
വമ്പന്‍ ബാങ്കുകള്‍ മാത്രം മതിയെന്ന കേന്ദ്ര ബാങ്കിങ് നയം സാധാരണക്കാര്‍ക്ക് ബാങ്കുകളെ അപ്രാപ്യമാക്കും. ഈ വെല്ലുവിളിയെ അതിജീവിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിക്കുന്നത്. കോഴിക്കോട്ടെ സഹകരണ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എം.ഭാസ്‌കരന്‍, എ.ടി അബ്ദുല്ലക്കോയ, മനയത്ത് ചന്ദ്രന്‍, രമേശന്‍ പാലേരി, അഡ്വ. പ്രശാന്ത് സംസാരിച്ചു. സി. വിജയന്‍ സ്വാഗതവും പി.കെ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും എം. മെഹബൂബ് ചെയര്‍മാനായുമാണ് സ്വാഗതസംഘം രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."