മകന് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മാതാവ് മരിച്ചു; മൂന്ന് പേര് ആസ്പത്രിയില്‍
തിരുവനന്തപുരം: മകന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മാതാവ് മരിച്ചു. പാലോട് ഇലവുപാലം റാഫി മന്‍സിലില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുല്‍ഫാ ബീവിയാണ് (56) മരിച്ചത്. ഞായറാഴ്ച്ച അര്‍ധരാത്രി പാലോട് മടത്തറ റോഡിലായിരുന്നു അപകടം. കാറോടിച്ചിരുന്ന റാഫിമോന്‍, ഇയാളുടെ ഭാര്യ സുഹാന, മൂന്നുവയസുകാരന് മകന് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാത്രി പത്തരയോടെ ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം കുടുംബം വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ താക്കോല്‍ പാലോടുള്ള ഒരു ബേക്കറിയില്‍ മറന്നുവച്ചതായി ഓര്‍മിച്ചത്. താന്‍ താക്കോലുമായി വരാമെന്ന് പറഞ്ഞ് റാഫിമോന്‍ വാഹനം തിരിച്ചപ്പോള്‍ രാത്രി ഒറ്റയ്ക്ക് പോകണ്ടെന്നും തങ്ങളും കൂടെ വരാമെന്നും സുല്‍ഫാ ബീവി നിര്‍ബന്ധം പിടിക്കുകയായിരുന്നു.
പാലോട് കുന്നുപുറത്തെത്തിയപ്പോള് നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപത്തെ മരത്തിലിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്റെ ചില്ലുപൊളിച്ചാണ് റാഫിയേയും കുടുംബത്തിനേയും പുറത്തെടുത്തത്.
ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും സുല്‍ഫാ ബീവി മരിച്ചു. പാലോട്ടെ ഒരു ഫ്ളക്സ് പ്രിന്റിങ് കടയിലെ ജീവനക്കാരനാണ് റാഫി. ജാര്ലീല (ഗള്‍ഫ്), ജാസ്മിന് എന്നിവര്‍ സുല്ഫാബീവിയുടെ മറ്റ് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."