അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഗണേശോത്സവ ഘോഷയാത്ര
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചു കൊണ്ടുള്ള സാംസ്‌കാരിക സമ്മേളനത്തിനും ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കും നിമജ്ജന യജ്ഞത്തിനും തലസ്ഥാനം വേദിയായി. ജില്ലയിലെ 70 പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകളും നഗരത്തിലെ 65 കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകളും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ചേര്‍ന്നതോടുകൂടി സാംസ്‌കാരിക സമ്മേളനത്തിനും പ്രധാന ഘോഷയാത്രയ്ക്കും തുടക്കമായി. പഴവങ്ങാടിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ശശിതരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.വി ശ്രേയാംസ്‌കുമാര്‍ മുഖാതിഥിയായി പങ്കെടുത്തു. കെ. മുരളീധരന്‍ എം.എല്‍.എ, പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ:ജി. മാധവന്‍ നായര്‍, എം.ജി ശ്രീകുമാര്‍, എ.ഡി.ജി.പി അനന്തകൃഷ്ണന്‍, മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്, പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റണ്‍ വികാരി റവ. ഡോ:ജോര്‍ജ്ജ് ജെ.ഗോമസ്, മുകാംബിക ക്ഷേത്ര മേല്‍ശാന്തി ശ്രീധരന്‍ അഡിഗ, മധുസ്വാമി ബാംഗ്ലൂര്‍, ബാലരാമപുരം ജുമാമസ്ജിദ് ചീഫ് ഇമാം പാച്ചല്ലൂര്‍ അബ്ദു സമദ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചാരുപാറ രവി, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ചടങ്ങില്‍ വച്ച് ഗണേശോത്സവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നാലാമത് ഗണേശ പുരസ്‌ക്കാരം ഡോ:ബി ഗോവിന്ദന് സമ്മാനിച്ചു. മിന്നല്‍ പരമശിവന്‍ നായര്‍ പുരസ്‌കാരം ഡോ:വി.കെ രാധാകൃഷ്ണനും, ഗണേശോത്സവ ട്രസ്റ്റും ജാനകി മെമ്മോറിയല്‍ ട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌ക്കാരം വിളയില്‍ വീട് കുടുംബം (ഓണവില്ല് കുടുംബം), ആര്‍.ബിന്‍കുമാറും ഏറ്റുവാങ്ങി . ഓണവില്ല് കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ആദരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച വാദ്യഘോഷമേളം പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രം മാനേജര്‍ എം. സുധാകരന്‍ എത്തിച്ച ദീപം വിശിഷ്ടാതിഥികള്‍ ഗണേശവിഗ്രഹത്തിനു മുന്നില്‍ തെളിയിച്ചതോടുകൂടി വര്‍ണാഭമായ ഗണേശവിഗ്രഹ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ബാന്റ്, ബാന്റ്‌മേളം, ശിങ്കാരിമേളം, നെയ്യാണ്ടിമേളം, മലബാര്‍ തെയ്യം, ചമയവിളക്ക്, പൂക്കാവടി തുടങ്ങി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്നു. രണ്ടായിരത്തോളം കലാകാരന്മാര്‍ വാദ്യമേളങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗണേശ ഭഗവാന്റെ 32 വിവിധ രൂപഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി.
കിഴക്കേകോട്ടയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയൂര്‍വേദ കോളജ്, സ്റ്റാച്യൂ, പാളയം, എ.കെ.ജി. സെന്റര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ് വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."