അന്താരാഷ്ട്ര ലൊജിസ്റ്റിക്‌സ് സമ്മേളനം സമാപിച്ചു
കൊച്ചി: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ലൊജിസ്റ്റിക്‌സ് വ്യവസായ കേന്ദ്രമായി സമീപ ഭാവിയില്‍ വളരുമെന്ന് കെ.എസ്.ഐ.സി.സി. ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു. ലോകത്തെ പ്രമുഖ ലൊജിസ്റ്റിക്‌സ് കമ്പനികള്‍ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ലൊജിസ്റ്റിക്‌സ് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റ് സജീവ് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ അലയന്‍സ് ഇന്റഗ്രേറ്റഡ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ജയന്ത് ലിയാന ഗാമന്‍ശെ, അറബ്‌കോ മാനേജിങ് ഡയറക്ടര്‍ വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.നാല് ദിവസങ്ങളിലായി റമദ കൊച്ചിയില്‍ നടന്ന മീറ്റില്‍ 75ലധികം ഉഭയകക്ഷി കരാറുകള്‍ ഒപ്പുവച്ചു.കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധമായി നിരവധി കമ്പനികള്‍ രംഗത്തു വരികയും ചെയ്തു. ഇതില്‍ വിദേശ കമ്പനികളും, മലയാളി ഉടമസ്ഥതയിലുള്ള കമ്പനികളും ഉള്‍പ്പെടുന്നു.34 രാജ്യങ്ങളില്‍ നിന്നായി 50ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.ബി ടു ബി മീറ്റുകള്‍, പ്രതിനിധികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ തുടങ്ങിയവ മീറ്റിന്റെ ഭാഗമായി നടന്നു. അടുത്ത വര്‍ഷം ഫ്രാന്‍സിലെ പാരീസാണ് വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."