ഐ.ആര്‍.ഡി.പി മേള തുടങ്ങി
കോട്ടയം: ജില്ലാ പഞ്ചായത്തും ദാരിദ്ര്യ ലഘൂകരണ വിഭാഗവും സംയുക്തമായി കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഐ.ആര്‍.ഡി.പി-എസ്.ജി.എസ്.വൈ ഓണം-ബക്രീദ് വിപണന മേള ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മേളയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ ഒന്നാം സ്ഥാനം നേടിയ സ്റ്റാളിനുള്ള നബാര്‍ഡിന്റെ ട്രോഫി എം.എല്‍.എ പള്ളം ബ്ലോക്കിന് സമ്മാനിച്ചു. മേളയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് ക്രമീകരിച്ചിട്ടുള്ള പാല്‍ ഗുണനിലവാര പരിശോധന- ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു.
കോട്ടയം നാഗമ്പടം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയ്, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി, ദാരിദ്ര്യവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, എ.ഡി.സി (ജനറല്‍) പി.എസ് ഷിനോ പങ്കെടുത്തു.
ജില്ലയിലെ 11 ബ്ലോക്കുകളുടെ കീഴിലുള്ള സംരംഭകരുടെ വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ 15 സ്റ്റാളുകളിലായി വിപണത്തിന് ഒരുക്കിയിട്ടുണ്ട്. തേന്‍ നെല്ലിക്ക, തേന്‍ വിനാഗിരി, കരകൗശല ഉല്‍പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, നാടന്‍ കാര്‍ഷിക വിളകള്‍, അച്ചാര്‍ തുടങ്ങിയ വിവിധ ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവുമാണ് മേളയിലുള്ളത്. സെപ്റ്റംബര്‍ രണ്ടിന് മേള സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."