മാഹി ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാമെന്നത് വ്യാജ പ്രചാരണം
മാഹി: മാഹിയില്‍ ദേശീയപാതയോരത്തെ അടച്ചിട്ട മദ്യശാലകള്‍ തുറക്കാമെന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍. ജൂലൈ 16ന് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്‍ റോഡുകള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്തതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ച വിധിന്യായത്തെ ആസ്പദമാക്കിയാണ് പ്രചാരണം നടക്കുന്നത്.
വസ്തുതകളും യാഥാര്‍ഥ്യങ്ങളും മറച്ചു വച്ച് ഒരു പ്രദേശത്തെ കാര്യം മാത്രം പരിഗണിച്ച കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് മാഹിയില്‍ അടഞ്ഞുകിടക്കുന്ന 32ഓളം മദ്യശാലകള്‍ തുറക്കാമെന്നത് മദ്യമുതലാളിമാരുടെ ദിവാസ്വപ്‌നം മത്രമാണെന്നും മയ്യഴിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.
മാഹിയില്‍ ദേശീയപാതയോരത്തെ അടച്ച മദ്യശാലകള്‍ തുറക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായാല്‍ പുതുച്ചേരി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാനുള്ള അവസരം ഉണ്ടാകുകയുള്ളൂവെന്നാണ് മയ്യഴിക്കൂട്ടത്തിനു കിട്ടിയ നിയമോപദേശം.
ഏതെങ്കിലും കാരണത്താല്‍ റോഡുകള്‍ ഡീലിമിറ്റ് ചെയ്തതിനു ചണ്ഡീഗഡ് സര്‍ക്കാരിനനുകൂലമായി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുച്ചേരി സര്‍ക്കാരും മാഹി എക്‌സൈസ് വകുപ്പും മാഹി ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ശ്രമമുണ്ടായാല്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചു മയ്യഴിക്കൂട്ടം ഭാരവാഹികള്‍ അഡ്വ. മനോജ് വി ജോര്‍ജ്മായി കൂടിക്കാഴ്ച നടത്തുന്നതായിരിക്കുമെന്നും അറിയിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതില്‍ കവിഞ്ഞു പ്രചാരണ കേന്ദ്രങ്ങള്‍ക്ക് മറ്റു ഉദ്ദേശ ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയമാണെന്ന് ഭാരവാഹികളായ ജിനോസ്, ബഷീര്‍, പ്രഷീല്‍, ഹംസ പി. മുഹമ്മദ്, താജുദീന്‍ അഹമ്മദ്, ജേക്കബ് സുധീര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."