കലാപം ഗുര്‍മീതിന്റെ രക്ഷപ്പെടാനുള്ള പദ്ധതിയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്
ചണ്ഡിഗഢ്: കോടതി ശിക്ഷ വിധിച്ച് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്. വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പൊലിസ് പുറത്തു വിട്ട റിപ്പോര്‍ട്ട്. എന്നാല്‍ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ ആ ശ്രമം പാളുകയായിരുന്നുവെന്ന് ഹരിയാന ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.കെ റാവു പറയുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കാനായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
'വിധി വന്നു കഴിഞ്ഞാല്‍ നടത്തേണ്ട കാര്യങ്ങളെ കുറിച്ച് വലിയ ഗൂഡാലോചന തന്നെ ഗുര്‍മീത് നടത്തിയിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടന്‍ തന്നെ തന്റെ ചുവന്ന സ്യൂട്ട്കേസ് കൊണ്ടുവരണമെന്ന് അദ്ദേഹം ഞങ്ങളോടാവശ്യപ്പെട്ടു. തന്റെ വസ്ത്രങ്ങള്‍ പെട്ടിയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ ചുവന്ന പെട്ടി തന്റെ അനുയായികള്‍ക്കായി അദ്ദേഹം കരുതിയ സിഗ്നല്‍ ആയിരുന്നു. പെട്ടി കൊണ്ടു വന്നതും അനുയായികള്‍ കോടതിക്ക് പുറത്ത് നിന്ന് പൊടുന്നനെ മുദ്രാവാക്യം വിളി തുടങ്ങി. ചുവന്ന പെട്ടിയിലൂടെ തന്റെ അനുയായികള്‍ക്ക് അക്രമത്തിനുള്ള സന്ദേശം നല്‍കുകയായിരുന്നു ഗുര്‍മീത് എന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്'- പൊലിസ് പറയുന്നു. ഗുര്മീതു മകളുമായുള്ള സംസാരത്തില്‍ പന്തികേട് തോന്നിയതിനാലാണ് അദ്ദേഹത്തെ കൊണ്ടു പോയ വാഹനം മാറ്റിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിധിക്ക് ശേഷം പൊലിസ് വാഹനത്തില്‍ ഗുര്‍മീത് കയറിയതും മറ്റൊരു വാഹനം കുറുകെ വന്ന് തടഞ്ഞുവെന്നും തങ്ങളുടെ പിതാജിയെ വെറുതെ വിടണമെന്ന് വാഹനത്തിലെത്തിയ ആയുധധാരികളായ കമാന്‍ഡോകള്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപെടുത്തുന്നു. ഹരിയാന പൊലിസുള്ളവരാണ് കമാന്‍ഡോകളുടെ വേഷത്തിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."