ചവറയില്‍ ആരോഗ്യമന്ത്രിക്ക് കരിങ്കൊടി; 9 പേര്‍ അറസ്റ്റില്‍
ചവറ: മന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസിലെത്തുമ്പോഴാണ് സമീപം സംഘടിച്ച് നിന്ന പ്രവര്‍ത്തകര്‍ വാഹന വ്യൂഹത്തിനും മന്ത്രിക്കും നേരെ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ 9 പേരെ ചവറ പൊലിസ് അറസ്റ്റ് ചെയ്തു. നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഐ.പി ബ്ലോക്കിന്റെയും ഡയാലിസിസ് യൂനിറ്റിന്റെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കണ്ണൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കരുനാഗപ്പള്ളിയില്‍ എത്തിയ മന്ത്രി ഇന്നലെ രാവിലെ 6 ന് കാറില്‍ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു.
ഗസ്റ്റ് ഹൗസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ചവറ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആര്‍.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറി അരുണ്‍ രാജ്, ജാക്‌സന്‍ നീണ്ടകര, റിനോസ്, മുഹ്‌സിന്‍, രതീഷ്പുന്തല, ലാലു, മനോജ്, വിഷ്ണു, അജിത്ത് ചെങ്കള്ളില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശങ്കരമംഗലം കേന്ദ്രീകരിച്ച് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി. ഇതിനിടയില്‍ ഗസ്റ്റ് ഹൗസില്‍ നിന്നും നീണ്ടകരയിലേക്ക് പോയ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്യാനുള്ള നീക്കത്തെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പൊലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സി.ഐ, എസ്.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 3.30 ഓടെ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു. മന്ത്രിക്ക് നേരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ ഭീകരവാദികളെ പോലെയാണ് പൊലിസ് നേരിട്ടതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. യു.ഡി.എഫ് ജില്ലാ മണ്ഡലം നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."