യു.എസ് നല്‍കിയത് നിലക്കടല മാത്രമെന്ന് മുന്‍ പാക് ആഭ്യന്തര മന്ത്രി
ഇസ്‌ലാമാബാദ്: പാകിസ്താന് യു.എസില്‍നിന്ന് ലഭിച്ചത് നിലക്കടല മാത്രമാണെന്ന് മുന്‍ പാക് മന്ത്രി ചൗധരി നിസാര്‍. സെനറ്റില്‍ സംസാരിക്കവെയാണ് ഭരണകക്ഷിയിലെ പ്രമുഖ നേതാവു കൂടിയായ നിസാറിന്റെ പ്രസ്താവന.
കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായമായി നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരെ സംരക്ഷിക്കുകയാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന് യു.എസ് കോടികളൊന്നും നല്‍കിയിട്ടില്ല. 'നിലക്കടല' മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അടുത്തകാലംവരെ പാക് ആഭ്യന്തര മന്ത്രിയായിരുന്ന നേതാവാണ് ചൗധരി നിസാര്‍. 10 വര്‍ഷത്തിനിടെ യു.എസില്‍നിന്ന് പാകിസ്താന് ലഭിച്ച സഹായം എത്രയെന്ന് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലമായാണ് ഫണ്ട് സ്വീകരിച്ചതെന്ന് ചൗധരി നിസാര്‍ പറഞ്ഞു. ഫണ്ട് കൈമാറാന്‍ അവര്‍ മാസങ്ങളെടുത്തു. 50 കോടി ഡോളര്‍ ആവശ്യപ്പെട്ടെങ്കിലും 20 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക നല്‍കിയത്. ട്രംപിന്റെ ആരോപണത്തിന് മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കരുതെന്നും ഭരണകക്ഷിയായ പി.എം.എല്‍ (എന്‍) നേതാവായ നിസാര്‍ ആവശ്യപ്പെട്ടു. പാകിസ്താനില്‍ ഭീകരര്‍ക്കുവേണ്ടി സുരക്ഷിത താവളങ്ങളില്ല. ഇതേക്കുറിച്ചുള്ള ആരോപണത്തിന് യു.എസ് തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പാകിസ്താന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് മുന്‍മന്ത്രി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."