ഇത്തവണ ഓണം കെങ്കേമമാക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പുലികളിറങ്ങി
സുല്‍ത്താന്‍ ബത്തേരി: നാടും നഗരവും ഓണ, ബലിപെരുന്നാള്‍ വിപണിയില്‍ ലയിച്ചിരിക്കേ ബത്തേരി ടൗണില്‍ പുലികളിറങ്ങി. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് താളമേളങ്ങളുടെ അകമ്പടിയോടെ കാണികള്‍ക്ക് കൗതുക്കാഴ്ചയായി പുലികള്‍ നിരത്ത് കൈയടക്കിയത്.
താളത്തിനൊത്ത് തൃശൂരില്‍ നിന്നെത്തിയ പുലികള്‍ ചുവടുവെച്ചപ്പോള്‍ നഗരവും പുലികള്‍ക്കൊപ്പം ചേര്‍ന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയും കേരളാ അക്കാദമി ഓഫ് എന്‍ജിനിയറിങും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ സാംസ്‌ക്കാരിക യാത്രയിലാണ് തൃശൂരില്‍ നിന്നെത്തിയ അഞ്ച് പുലികള്‍ നഗരം കൈയടക്കിയത്.
ദേഹത്തില്‍ വയറിനു മുകളില്‍ ഛായക്കൂട്ടുകൊണ്ട് തീര്‍ത്ത പുലിമുഖം ഇവരുടെ താളത്തിനൊപ്പം ഇളകുന്നത് കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിച്ചത്. പുലിക്കളി മൊബൈലില്‍ പകര്‍ത്താനും കാണികള്‍ തിരക്ക് കൂട്ടി.
പുലികള്‍ക്ക് പുറമേ തിരുവാതിര കളി, മാര്‍ഗ്ഗം കളി, ഒപ്പന, ദഫ്മുട്ട്, ചെണ്ടമേളം, കോല്‍ക്കളി, നാസിക് ഡോള്‍ ബാന്റ് എന്നിവയും മുത്തുക്കുട ചൂടിയ കുട്ടികളും സാംസ്‌കാരിക യാത്രക്ക് മിഴിവേകി. ഘോഷയാത്ര നഗരസഭാ അധ്യക്ഷന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
നഗസഭ അംഗങ്ങള്‍, അക്കാദമി അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നഗരം വലയംവച്ച് സ്വതന്ത്ര മൈതാനിയില്‍ സാംസ്‌കാരിക ഘോഷയാത്ര സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."