അങ്കണവാടി കെട്ടിടത്തിന് സ്ഥലം വിട്ടുനല്‍കി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍
വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ അങ്കണവാടി കെട്ടിടനിര്‍മാണത്തിന് വൈസ് പ്രസിഡന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. പുല്ലാര മേല്‍മുറിയിലാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി ഗ്രാമപഞ്ചായത്തംഗം കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അങ്കണവാടിക്കായി വിട്ട് നല്‍കിയത്.
ഇതൊടെ വര്‍ഷങ്ങളായി 22ലധികം കുട്ടികളുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടവും സ്ഥലവുമാവും. ഗ്രാമ പഞ്ചായത്തംഗത്തിന്റ ഈ മാതൃകാ പ്രവൃത്തിക്ക് പിന്നാലെ പറാഞ്ചീരി വിളക്കത്തില്‍ പോക്കര് ഹാജി പുല്ലാര അങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കുള്ള സ്ഥലം സൗജന്യമായി വിട്ട് നല്‍കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം പിന്നീട് പഞ്ചായത്തിന് കൈമാറുമെന്നും സ്ഥലമുടമ അറിയിച്ചു.
രേഖകള്‍ കൈമാറുന്ന മുറക്ക് വിവിധ ഏജന്‍സികളില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതൊടെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അങ്കണവാടികള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമാകും. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് പുല്ലാര മേല്‍മുറിയിലെ അന്‍പതാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് വക 2016,17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശന് നീണ്ടാരത്തിങ്ങല്‍. വാര്‍ഡ് മെമ്പര്‍മാരായ കെ ഫസീല, ഹംസ കൊല്ലൊടിക, മുസ്തഫ വല്യാപ്പു, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ലില്ലി മാത്യൂ, വി.കെ മൊയ്തീന് കുട്ടി, പി അബ്ദു, കെ ശശീന്ദ്രന്, എം.സി മുഹമ്മദാലി, പി അബ്ബാസ്, കെ അശ്റഫ്, കെ ഹൈദര്‍, വി.കെ സിദ്ദീഖ്, കെ സൗദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."