നഗരസഭാ കൗണ്‍സില്‍ യോഗം; മലപ്പുറത്ത് കുടിവെള്ളപ്രശ്‌നത്തില്‍ പക്ഷമില്ല
മലപ്പുറം: നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനെതിരേ മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. മഴക്കാലമായിട്ടും ജലവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ചാണ് പതിവിനു വിപരീതമായി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ജല അതോറിറ്റിക്കെതിരേ രംഗത്തുവന്നത്. ആവശ്യമായ ജലം ലഭ്യമായിരിക്കെ നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ആവശ്യത്തിന് വെള്ളമെത്താത്തത് മൂലം ജനങ്ങള്‍ക്ക് ഏറെ പ്രയാസം നേരിടുകയാണെന്ന് പക്ഷമില്ലാതെ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
യോഗത്തില്‍ ജല അതോറിറ്റി വകുപ്പ് അധികൃതരെയും വിളിച്ചുവരുത്തിയിരുന്നു. പൊട്ടിയ പൈപ്പുകള്‍ പോലും മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നിസംഗത പാലിക്കുകയാണ്. വാറങ്കോട്, പട്ടര്‍ക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ പൈപ്പ് തകര്‍ന്നത് ജല അതോറിറ്റിയെ പലതവണ അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ചാലും കിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.
ഉയര്‍ന്നും താഴ്ന്നും പ്രദേശങ്ങള്‍ ഉള്‍പെടുന്ന മുനിസിപ്പല്‍ പരിധിയില്‍ ഒരേ സമയം എല്ലാവര്‍ക്കും ജലമെത്തിക്കുന്നതിന് പരിമിതിയുണ്ടെന്ന് യോഗത്തില്‍ ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് ജലം ലഭിക്കാതിരിക്കുന്നുണ്ടെന്നും ഇത് കാരണമാണ് ജലവിതരണത്തിന് തടസം നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജല അതോറിറ്റി പ്രത്യേകപഠനം നടത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരപരിധിയില്‍ പൈപ്പ് ലൈന്‍ നീട്ടലിന് നഗരസഭ ജനുവരിയില്‍ നല്‍കിയ 19 ലക്ഷം തികയാത്ത സാഹചര്യത്തില്‍ ഏഴ് ലക്ഷം രൂപ കൂടി നല്‍കിയാല്‍ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയുവെന്ന് ജല അതോറിറ്റി പ്രതിനിധി വ്യക്തമാക്കി. ഇതിനായി നഗരസഭ മാര്‍ച്ച് മാസത്തില്‍ നഗരസഭ നല്‍കിയ 20 ലക്ഷം രൂപാ അധികൃതരുടെ കൈവശമുണ്ടെന്നും ഈ തുക ഇതിനായി ഉപയോഗിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാല്‍ പണം സ്വീകരിച്ചെങ്കിലും അത് എന്ത് ആവശ്യത്തിന് വിനിയോഗിക്കണമെന്ന് നിര്‍ദേശം കിട്ടാത്ത സാഹചര്യത്തില്‍ ഫണ്ട് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. പ്രശ്‌ന പരിഹാരത്തിനായി സെപ്റ്റംബര്‍ പത്തിനകം ഈ തുകയില്‍ നിന്ന് ഏഴ് ലക്ഷം പദ്ധതിക്ക് വിനിയോഗിക്കാന്‍ നഗരസഭാ അനുമതി നല്‍കി. ജല ലഭ്യതക്കുറവ് പരിഹരിക്കാന്‍ മൂര്‍ക്കനാട് ജല വിതരണ പദ്ധതിയുടെ പൈപ്പ്‌ലൈന്‍ മലപ്പുറത്തേക്കും നീട്ടും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."