നാലാം ഏകദിനം: ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
കൊളംബോ: ശ്രീലങ്കക്കെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ്. നായകന് വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ധവാനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ കോഹ്ലി രോഹിതുമായി ചേര്‍ന്ന് ലങ്കയെ കടന്നാക്രമിച്ചു.
88 പന്തില്‍ 11 ഫോറും മൂന്ന് സിക്സും പറത്തി രോഹിത് 104 റണ്‍സും 96 പന്തില്‍ 17 ഫോറും രണ്ട് സിക്സും പറത്തി കോഹ്ലി 131 റണ്‍സുമാണ് അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 219 റണ്‍സെടുത്തു. ഇരുവരും പുറത്തായതിനെ പിന്നാലെയത്തിയ ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ, എം.എസ് ധോണി സഖ്യം പഴുതനുവദിക്കാതെ ബാറ്റേന്തിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. അപരാജിതരായി നിലകൊണ്ട് മനീഷ് പാണ്ഡെ 42 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ഇത്രയും പന്തുകള്‍ നേരിട്ട് ധോണി 49 റണ്‍സെടുത്തു. 300ാം ഏകദിനം കളിക്കാനിറങ്ങിയ ധോണിക്ക് 50 തികക്കാന്‍ സാധിച്ചില്ലെങ്കിലും വിജയത്തിനാവശ്യമായ റണ്‍സിലേക്ക് മികച്ച സംഭാവന നല്കാന് മുന്‍ നായകനായി.
പരമ്പര നേടിയതിനാല്‍ ഇന്ത്യ ശാര്‍ദുല്‍ താക്കൂര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് അവസരം നല്കി. പരമ്പരയില്‍ രോഹിത് നേടുന്ന തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഏകദിനത്തിലെ 13ാം ശതകവുമാണിത്. കോഹ്ലി ഏകദിനത്തിലെ 29ാം സെഞ്ച്വറിയാണ് കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."