വേങ്ങര ഒരുങ്ങുന്നു: വിജ്ഞാപനം ഉടന്‍; തെരഞ്ഞെടുപ്പും
വേങ്ങര: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും കാത്തു വേങ്ങര നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുളള അന്തിമഘട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി വിവരമുണ്ട്.
യു.ഡി.എഫില്‍ മുസ്‌ലിംലീഗിന് അനുവദിച്ച സീറ്റിലേക്കു മണ്ഡലത്തിനു പുറത്തുനിന്നുള്ള മുതിര്‍ന്ന നേതാവിനെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. അതേസമയം, എല്‍.ഡി.എഫ് സാമ്പത്തിക പ്രമുഖനും മതസംഘടനകളോട് ആഭിമുഖ്യമുള്ളതുമായ സ്വതന്ത്രനെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. സ്ഥാനാര്‍ഥിയെ ധാരണയായതായും സൂചനയുണ്ട്. മറ്റു ചെറുപാര്‍ട്ടികള്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുമെന്നാണ് വിവരം.
പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍നിന്നു രണ്ടു തവണയും പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2011ല്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി കെ.പി ഇസ്മാഈലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എം.പിയായിരുന്ന ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞുടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
പറപ്പൂര്‍, ഊരകം, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര ഒതുക്കുങ്ങല്‍ തുടങ്ങി ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1.55 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഊരകം, എ.ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നണിയായും വേങ്ങരയില്‍ മുസ്‌ലിംലീഗ് തനിച്ചും കണ്ണമംഗലത്തു ലീഗും ഒരു വിഭാഗം കോണ്‍ഗ്രസും പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നണിയുമാണ് ഭരണം നടത്തുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."