മൃഗമാകാന്‍ മൃഗീയഭാഷ തന്നെ ധാരാളം
പരിചയക്കാരന്റെ വീട്ടിലേക്കു ചെന്നതാണു നിങ്ങള്‍. വീടിന്റെ ഗെയ്റ്റ് കടന്ന് അകത്തേക്കു കയറിയപ്പോഴേക്കും നിങ്ങള്‍ക്കു കേള്‍ക്കേണ്ടിവന്നതു കാവല്‍നായയുടെ നിലയ്ക്കാത്ത കുര. നിങ്ങളുടെ മുഖത്തുനോക്കി നായ കുരച്ചുകൊണ്ടേയിരിക്കുന്നു. ചോദിക്കട്ടെ, നിങ്ങള്‍ അതൊരു ആനക്കാര്യമായി എടുക്കുമോ...? നായ എന്നെ അപമാനിച്ചെന്നും പറഞ്ഞ് കേസ് കൊടുക്കുമോ..? ഒരിക്കലുമില്ല. അഥവാ അതൊരു പ്രശ്‌നമാക്കിയെടുത്താല്‍ അതോടുകൂടി നിങ്ങളുടെ എല്ലാ വിലയും നിലയും നഷ്ടപ്പെട്ടുപോകും.
ഇനി നിങ്ങള്‍ കുരയ്ക്കുന്ന നായയെ അവഗണിച്ചുകൊണ്ട് അല്‍പംകൂടി മുന്നോട്ടുപോകുന്നു. അടഞ്ഞുകിടക്കുന്ന വീടു കാണുന്നു. സ്വാഭാവികമായും കോളിങ് ബെല്ലടിക്കുന്നു. നിങ്ങളുടെ ബെല്ലടി കേട്ട് അകത്തുനിന്നു പരിചയക്കാരന്‍ വാതില്‍ തുറക്കുന്നു. പുറത്തേക്കു വരുന്നു. പുറത്തുനില്‍ക്കുന്ന നിങ്ങളെ കാണുന്നു. നിങ്ങളെ കണ്ടപ്പോഴേക്കും അയാള്‍ നെറ്റിചുളിച്ചു പറയുകയാണ്:
'ഹൊ, ശല്യം..! വരാന്‍ കണ്ട ഒരു നേരം..'
ചോദിക്കട്ടെ, നിങ്ങള്‍ക്ക് എന്തു തോന്നും...? നിങ്ങളുടെ മുഖത്തുനോക്കി അയാള്‍ പറഞ്ഞ ആ വാക്ക് താങ്ങാന്‍മാത്രമുള്ള ശേഷി നിങ്ങള്‍ക്കുണ്ടാകുമോ...? ജീവിതത്തില്‍ എന്നെങ്കിലും മറക്കാനാകുമോ ആ വാചകം...? ഒരിക്കലുമില്ല. അഥവാ നിങ്ങള്‍ക്കതു കേട്ടിട്ട് ഒന്നും തോന്നിയില്ലെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ ആണത്തമില്ലാത്ത പരമസാധുവായി നിങ്ങള്‍ മാറും.
മുഖത്തുനോക്കി ഒരു നായ നിര്‍ത്താതെ കുരച്ചാല്‍ അതു നമുക്കൊരു പ്രശ്‌നമല്ല. പക്ഷേ, ആ നായയുടെ യജമാനന്‍ നമ്മുടെ മുഖത്തുനോക്കി 'ശല്യം' എന്ന രണ്ടക്ഷരം മൊഴിയുമ്പോഴേക്കും അതു താങ്ങാവുന്നതിലുമപ്പുറമായിപ്പോകുന്നു..! നായയുടെ കുര എത്ര നേരം നീണ്ടുനിന്നാലും അതു നിലച്ചുകഴിഞ്ഞാല്‍ കഴിഞ്ഞു. പിന്നീട് അതേപറ്റി നാം ചിന്തിക്കുകയോ കാര്യമാക്കിയെടുക്കുകയോ ചെയ്യില്ല. നായയെ തന്നെ നാം മറക്കും. പക്ഷേ, മുഖത്തുനോക്കി പറഞ്ഞ 'ശല്യം' എന്ന ആ വാക്കുണ്ടല്ലോ. അതിന്റെ അലയൊലി മരിച്ചാലും നിലയ്ക്കാത്തതാണ്. അതു പറഞ്ഞവനെ എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍നിന്ന് അയാള്‍ മറഞ്ഞുപോകില്ല. അയാള്‍ നമുക്കൊരു മൃഗമായി മാറും. അയാളുടെ നായയെക്കാളും അധപതിച്ച മൃഗം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..?
ഒരു നായയില്‍നിന്ന് ഏതൊരാളും പ്രതീക്ഷിക്കുക അതിന്റെ മൃഗീയസ്വഭാവമായിരിക്കും. അതില്‍നിന്നു മനുഷ്യസ്വഭാവം പ്രതീക്ഷിക്കുന്നതു ബാലിശവും അബദ്ധവുമാണ്. എന്നാല്‍ മനുഷ്യനില്‍നിന്ന് ഏതൊരാളും പ്രതീക്ഷിക്കുന്നതു മൃഗീയസ്വഭാവമല്ല, മനുഷ്യസ്വഭാവമാണ്. പ്രതീക്ഷിച്ചതു ലഭിക്കാതിരിക്കുകയും പ്രതീക്ഷിക്കാത്തതു ലഭിക്കുകയും ചെയ്താല്‍ അതു സങ്കടകരമാണ്. ഒന്നാംസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാംസ്ഥാനം പോയിട്ട് അവസാന സ്ഥാനം പോലും ലഭിച്ചില്ലെന്നു മാത്രമല്ല, അമ്പേ പരാജയപ്പെടുകയും ചെയ്തു..! അതാരും സഹിക്കില്ല. അതേസമയം തോല്‍ക്കുമെന്ന് ഉറപ്പിച്ചതാണ്. ഫലം പുറത്തുവന്നപ്പോള്‍ തോല്‍ക്കുകയും ചെയ്തു. അതിലാര്‍ക്കും-തോറ്റവനുപോലും-സങ്കടമുണ്ടാകില്ല. ഒരു ലക്ഷം രൂപ കിട്ടുമെന്നു കരുതി ചെന്നുനോക്കിയപ്പോള്‍ ഒരു ലക്ഷം പോയിട്ട് ഒരു രൂപ പോലും കിട്ടിയില്ല. കിട്ടിയില്ലെന്നു മാത്രമല്ല, കിട്ടിയതു മുഴുവന്‍ തെറിയഭിഷേകങ്ങള്‍...! ഈ സങ്കടം തീര്‍ത്താല്‍ തീരാത്തതാണ്. നേരെ മറിച്ച് ഒരഞ്ചു പൈസ പോലും കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കിട്ടിയതുമില്ല. അതില്‍ ഒട്ടും സങ്കടമുണ്ടാകില്ല.
ഒരു മനുഷ്യനില്‍നിന്നു മനുഷ്യത്വമില്ലാത്തവന്‍ പോലും പ്രതീക്ഷിക്കുന്നതു മനുഷ്യത്വമുള്ള സ്വഭാവവും പെരുമാറ്റവുമാണ്. അതിനു വിരുദ്ധമായി മൃഗീയസ്വഭാവം അവനില്‍നിന്നു കാണപ്പെട്ടാല്‍ മൃഗത്തിനു കൊടുക്കുന്ന സ്ഥാനംപോലും അയാള്‍ക്കു ലഭിക്കില്ല.
വിലയില്ലാത്തവനില്‍നിന്നു വിലയില്ലാത്ത പെരുമാറ്റങ്ങളുണ്ടായാല്‍ ജനദൃഷ്ടിയില്‍ അതവന് ഒരപമാനവും ഉണ്ടാക്കുകയില്ലെന്നാണ്. നേരെ മറിച്ചു വിലയുള്ളവനില്‍നിന്നു വിലയില്ലാത്ത പെരുമാറ്റങ്ങളുണ്ടായാല്‍ വിലയില്ലാത്തവനെക്കാളും താഴേക്കാണ് അതവനെ താഴ്ത്തുക. പാമരന്‍ വന്‍ പാപം ചെയ്താല്‍ പോലും അതെവിടെയും ചര്‍ച്ചയാകില്ല. പണ്ഡിതന്‍ ചെറുപാപം ചെയ്യേണ്ടതില്ല, തന്റെ പാണ്ഡിത്യത്തിനു യോജിക്കാത്ത ഒരു കാര്യം ചെയ്താല്‍ പോലും അതു പാമരന്റെ വന്‍പാപത്തെക്കാള്‍ ഗൗരവതരമാണ്.
നായയെക്കാളും എത്രയോ ഉന്നതങ്ങളില്‍ വിരാചിക്കുന്ന കഥാപാത്രമാണു മനുഷ്യന്‍. അവനില്‍നിന്ന് ഉണ്ടാകേണ്ടതു മനുഷ്യത്വത്തിനു യോജിക്കുന്നതുതന്നെയായിരിക്കണം. അതിനു പകരം മൃഗീയ സ്വഭാവമുണ്ടായാല്‍ അവന്‍ വീഴുന്നതു സര്‍വജീവജാലങ്ങളെക്കാളും ഉന്നതമായ വിതാനത്തില്‍നിന്നാണ്. ഏറ്റവും മുകളില്‍നിന്നു വീണാലാണ് ഏറ്റവും വലിയ പരുക്കുണ്ടാകുക. ആദ്യമേ താഴേയാണ് ഒരാളുള്ളതെങ്കില്‍ അയാള്‍ക്കു വീഴുമ്പോള്‍ വലിയ പരുക്കുകളൊന്നും പറ്റില്ല. പക്ഷേ, മുകളിലുണ്ടായിരുന്ന വ്യക്തി താഴേക്കു വീണാല്‍ സഹിക്കാനാകാത്ത വേദനകളും ഗുരുതരമായ പരുക്കുകളും പറ്റും. മുഖത്തുനോക്കിയുള്ള 'ശല്യം' എന്ന കമന്റ് മാത്രമല്ല, മനുഷ്യത്വത്തിനു നിരക്കാത്തതെന്തുതന്നെ കാണിച്ചാലും അതു മൃഗത്തെക്കാളും താഴ്ന്ന സ്ഥാനത്തേക്കാണു നമ്മെ കൊണ്ടെത്തിക്കുക. അതുകൊണ്ടാണല്ലോ നായയുടെ നീണ്ട കുരയെക്കാളും 'ശല്യം' എന്ന ഈ രണ്ടക്ഷരം നമ്മെ സംബന്ധിച്ചിടത്തോളം വെറുപ്പുള്ളതും അറപ്പുള്ളതുമായി മാറുന്നത്.
മനുഷ്യന്‍ എന്ന നിലവാരത്തില്‍നിന്ന് അതിമാനുഷന്‍ എന്ന നിലവാരത്തിലേക്ക് ഒരടി പോലും ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ വേണ്ടാ; നിങ്ങളൊരു സാധാരണ മനുഷ്യനായി നിലകൊള്ളുകയേ ഉള്ളൂ. പക്ഷേ, ഒരടിപോലും താഴേക്കു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉയരാനായില്ലെങ്കിലും താഴാതിരിക്കാന്‍ ശ്രമിക്കുക. ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപദ്രവം ചെയ്യാതിരിക്കുക. വാക്കുകളും നോക്കുകളും മറ്റു ഭാവഹാവാദികളുമെല്ലാം മനുഷ്യന്റേതുതന്നെയാകാന്‍ ശീലിക്കുക. നമ്മള്‍ മനുഷ്യര്‍ കോലത്തില്‍ മാത്രമല്ല, സകലത്തിലും മനുഷ്യര്‍ തന്നെയാകേണ്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."