ബിബിന്‍ വധം: അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലിസ് കസ്റ്റഡിയില്‍
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ആലത്തിയൂര്‍ കുണ്ടില്‍ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ 10 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പെരുന്തല്ലൂര്‍ ആലുക്കല്‍ സൈയ്താലിയുടെ മകന് മുഹമ്മദ് അന്‍വര്‍ (30), വെട്ടം ആശാന്‍പടി യൂനിറ്റ് പ്രസിഡന്റ് പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ മുഹമ്മദാലിയുടെ മകന് തുഫൈല്‍ (32) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
പെരുന്നാള്‍ ദിനത്തില്‍ രാത്രി എട്ടു മണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ശനിയാഴ്ച എടപ്പാളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ഇവിടെനിന്ന് രണ്ട് ഇരുമ്പ് ദണ്ഡുകളും ഒരുജോഡി ഷൂവും പൊലിസ് കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അന്വേഷണസംഘം വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കൃത്യം നടത്താന്‍ കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി, നരിപ്പറമ്പ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധിയില്‍ വിശദമായ തെളിവെടുപ്പും ചോദ്യംചെയ്യലും നടത്തി മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൃത്യം നടത്തിയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് പൊലിസ് നീക്കം.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പൊലിസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ ജില്ലാ പൊലിസ് മേധാവി ദേബേഷ്കുമാര്‍ ബഹ്റയുടെ നിര്‍ദേശപ്രകാരം അന്വേഷണസംഘം തലവന്മാരായ തിരൂര്‍ ഡിവൈ.എസ്.പി വി.എ ഉല്ലാസ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്, തിരൂര്‍ സി.ഐ എം.കെ ഷാജ, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."