കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി
ചാവക്കാട്: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്ന യുാവാവിനെ രക്ഷപ്പെടുത്തി.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കറുകപുത്തൂര്‍ വള്ളിപ്പാടം വളഞ്ഞിപ്പറമ്പില്‍ സിദ്ദീഖിന്റെ മകന്‍ സഹലിനെയാണ് (19) കാണാതായത്. സുഹൃത്തും നാട്ടുകാരനുമായ പട്ടാമ്പി പാലക്കപറമ്പില്‍ സുബൈറിനെ(20) മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. പെരുന്നാളാഘോഷിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരാണ് അപകടത്തില്‍ പെട്ടത്. സഹലും സുബൈറും സുഹൃത്തുക്കളായ കറുകപുത്തൂര്‍ തോലക്കല്‍ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദ് റാഫി (18), കല്ലെട്ടുകുഴിയില്‍ സുലൈമാന്റെ മകന്‍ ആഷിഖ്(19) എന്നിവരടങ്ങിയ നാലംഗ സംഘം രണ്ട് ബൈക്കുകളിലായാണ് ബീച്ചിലെത്തിയത്. സഹലും സുബൈറും കുളിക്കുമ്പോള്‍ മുഹമ്മദ് റാഫിയും ആഷിഖും കരയില്‍ നില്‍ക്കുകയായിരുന്നു. കുളിക്കുന്നതിനിടെ പൊടുന്നനെ വന്ന വലിയ ഒരു തിരയില്‍പെട്ട് സഹലാണ് ആദ്യം മുങ്ങിയത്. ഇത് കണ്ട് സുബൈര്‍ സഹലിന്റെ അടുത്തേക്ക് എത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അടുത്ത തിരയില്‍ പെട്ട് സുബൈറും മുങ്ങുകയായിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ കടപ്പുറത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ വിവരമറിയിച്ചു. മത്സ്യതൊഴിലാളികളായ ഡെല്‍ബറ്റ്,ആന്‍ഡ്രൂസ്,സ്‌റ്റെല്ലസ് എന്നിവര്‍ കടലില്‍ ചാടി സുബൈറിനെ പൊക്കിയെടുത്ത് അവര്‍ കരക്കെത്തിച്ചു. അപ്പോഴേക്കും സഹല്‍ മുങ്ങിപ്പോയിരുന്നു. എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ സുബൈറിനെ ആദ്യം മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സുബൈര്‍ അപകടനില തരണം ചെയ്തു. മുനക്കകടവ് തീരദേശ പൊലിസ് സി.ഐ ആര്‍ അശോകന്റെ നേതൃത്വത്തില്‍ തീരദേശ പൊലിസിന്റെ ബോട്ടില്‍ സഹലിനായി വൈകിട്ടും തിരച്ചില്‍ നടത്തുകയാണ്. സഹല്‍ എരുമപ്പെട്ടിയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."