ഭക്ഷ്യവിഷബാധ; 15 പേര്‍ ചികിത്സയില്‍
നാദാപുരം: ബേക്കറിയില്‍ നിന്നു ഭക്ഷണ സാധനം വാങ്ങിക്കഴിച്ച 15 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി.
കല്ലാച്ചി മാര്‍ക്കറ്റിനു സമീപമുള്ള സ്വീറ്റ് ലാന്റ് ബേക്കറിയില്‍നിന്നു ശനിയാഴ്ച വൈകിട്ട് സാന്‍ഡ്‌വിച്ച് പാര്‍സലായി വാങ്ങിക്കഴിച്ചവര്‍ക്കാണ് ഇന്നലെ രാവിലെ മുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ഇവരെ കല്ലാച്ചി, നാദാപുരം, വടകര ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഏറെപ്പേരും ആശുപത്രികളിലെത്തിയത്.
ചേലക്കാട്ടെ കുഴിക്കലക്കണ്ടി അജീഷ് (35), ഭാര്യ ഷിജി (26), മകള്‍ ആരാധ്യ (4) എന്നിവരെ നാദാപുരത്ത് നിന്നു വടകര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കുമ്മങ്കോട്ടെ തെക്കായി രജീഷിന്റെ മക്കളായ അഭിജിത്ത് (10), ആദിജിത്ത് (8), പയന്തോങ്ങിലെ അനിത പാറോള്ളതില്‍ (21), വാരിക്കോളിയിലെ ചെറുവലത്ത് അഭിനന്ദ് (12) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയന്തോങ്ങിലെ വീട്ടില്‍ വിരുന്നിനെത്തി തിരിച്ചു പോകുന്നതിനിടയില്‍ ഭക്ഷണ സാധനം വാങ്ങിയ അന്‍ഷാദ് കരിമ്പില്‍ത്താഴക്കുനി ഫൈറൂസ, ലിയാഫെറിന്‍ (4), അസ്മ (20), അഫീദ (32), ഫെമിന റാശിദ് (25), മൈമൂന (50), ഫസ്‌ന (24) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
ബേക്കറിയില്‍നിന്ന് വില്‍പന നടത്തിയ സാന്‍ഡ്‌വിച്ചിലെ മസാലയില്‍ നിന്നാണ് ഇവര്‍ക്കെല്ലാം വിഷബാധയേറ്റതെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കടയില്‍ പരിശോധന നടത്തി.
നിര്‍മാണ തിയതി രേഖപ്പെടുത്താത്ത നിരവധി പലഹാരങ്ങള്‍ വില്‍പനക്കു വച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഹെല്‍ത്ത് വിഭാഗത്തിലെ എം.കെ സുരേഷ്ബാബു, ഫുഡ്‌സേഫ്റ്റി ഓഫിസര്‍ കെ.പി രാജീവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."