നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
കോഴിക്കോട്: വര്‍ഷങ്ങളായി പൊലിസിനെ കബളിപ്പിച്ച് മുങ്ങിനടന്ന മോഷണക്കേസ് പ്രതി ഒടുവില്‍ അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് കൊട്ടാപറമ്പില്‍ വീട്ടില്‍ മുഹമ്മദ്(37)ആണ് പിടിയിലായത്. കോഴിക്കോടും മലപ്പുറത്തുമായി 100ഓളം മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നിലും മുഹമ്മദ് ആണെന്ന് പൊലിസ് പറഞ്ഞു.
എട്ടുവര്‍ഷത്തോളമായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലിസ് അതിര്‍ത്തിയിലും മലപ്പുറം ജില്ലയിലും നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ, 2009ല്‍ ഇരിക്കൂര്‍ പൊലിസാണ് അവസാനമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റിയില്‍മാത്രം 30കേസുകളിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ്.
ആലക്കോട്ടുള്ള വീട്ടില്‍ നിന്ന് ബസില്‍ യാത്രചെയ്ത് അര്‍ധരാത്രിക്ക് ശേഷം മോഷണം നടത്താന്‍ തീരുമാനിച്ച സ്ഥലത്തെത്തി കൈവശമുള്ള ആയുധങ്ങളുപയോഗിച്ച് വീടിന്റെ പിന്‍വശത്തെ വാതിലുകള്‍ പൊളിച്ചാണ് കവര്‍ച്ച. ഒരുരാത്രിയില്‍ പരമാവധി വീടുകളില്‍ മോഷണം നടത്തുകയാണ് പതിവ്. രാവിലെ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ മാന്യമായിവസ്ത്രം ധരിച്ച് ഈ സ്ഥലങ്ങളില്‍ സഞ്ചരിക്കും. കൂടുതല്‍ അംഗസംഖ്യയുള്ള വീടുകളാണ് ഇയാള്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. രാത്രിയില്‍ എന്തെങ്കിലും ശബ്ദംകേട്ടാല്‍ അടുത്തമുറിയിലുള്ളവരാണെന്ന് ധരിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മോഷണശേഷം പൊലിസ് തെരച്ചില്‍ തുടങ്ങിയെന്നറിഞ്ഞാല്‍ കൗശലത്തോടെ രക്ഷപ്പെട്ട് റോഡിന്റെ എതിര്‍വശത്തുള്ള വീടില്‍ മോഷണംനടത്തി പൊലിസിനെ വട്ടംകറക്കുകയും ചെയ്തിരുന്നു. ഇയാള്‍ നാട്ടില്‍ ധനികനും മാന്യനുമായാണ് ജീവിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. രണ്ട് കോടി വിലമതിപ്പുള്ളതും സ്വയം രൂപകല്‍പന ചെയ്ത വീട് ഇയാള്‍ക്ക് സ്വന്തമായുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."