അവധി ദിനങ്ങളിലെ അനധികൃത നിര്‍മാണം: തടയിടാന്‍ സ്ഥിരം സ്‌ക്വാഡ്
കൊണ്ടോട്ടി: അവധി ദിവസങ്ങളിലെ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രത്യേക സ്ഥിരം സ്‌ക്വാഡ് രൂപീകരിക്കുന്നു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങളില്‍ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സ്ഥിരം സ്‌ക്വാഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ഇതിന്റെ ഭാഗമായി അനധികൃത നിര്‍മാണം മോണിറ്റര്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ചീഫ് ടൗണ്‍പ്ലാനര്‍ ഓഫിസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കും. കഴിഞ്ഞ 31 നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ഗ്രാമ പഞ്ചായത്തുകളില്‍ സെക്രട്ടറി, പഞ്ചായത്ത് എന്‍ജിനീയര്‍,ഓവര്‍സിയര്‍, കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍, ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്‌ക്വാഡിലുണ്ടാവുക.
നഗരസഭകളില്‍ സെക്രട്ടറി, നഗരസഭയിലെ എന്‍ജിനീയര്‍,കെട്ടിട നിര്‍മാണ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥന്‍, നഗരസഭ ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍ പ്ലാനര്‍,ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയുള്ള റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് സ്‌ക്വാഡിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍ അവധി ദിവസങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തും. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പെട്ടാല്‍ തടഞ്ഞ് നോട്ടിസ് നല്‍കും. എന്നിട്ടും ഉടമ നിര്‍മാണം തുടര്‍ന്നാല്‍ പൊലിസിനെ ഉപയോഗിച്ച് തടയും.
ഇതിന്റെ വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. അനധികൃത കെട്ടിട നിര്‍മാണങ്ങളുടെ ഫോട്ടോ ജില്ലാ ടൗണ്‍ പ്ലാനര്‍ കാമറയില്‍ പകര്‍ത്തി ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ചീഫ് ടൗണ്‍ പ്ലാനര്‍ക്കും വിവരം നല്‍കും.
തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ ഫോണ്‍, ഇ-മെയില്‍ വിലാസം പരസ്യപ്പെടുത്തും. ഇവ പിന്നീട് പരാതി രജിസ്റ്ററില്‍ രേഖപ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും.
ലഭിക്കുന്ന പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടതാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍, കുന്നിടിക്കല്‍ എന്നിവ തടയാന്‍ പ്രത്യേക സ്‌ക്വാഡ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."