മ്യാന്മറിലെ വംശഹത്യ; മുസ്‌ലിം ലോകം ആശങ്കയിലെന്ന് സൂ കിയോട് ഉര്‍ദുഗാന്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ബംഗ്ലാദേശിലേക്ക്
അങ്കാറ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മറില്‍ നടക്കുന്ന ക്രൂരമായ വംശഹത്യകള്‍ക്കെതിരെ ശക്തമായ ഇടപെടലുമായി തുര്‍ക്കി. റോഹിംഗ്യകള്‍ക്കെതിരായി നടക്കുന്ന അക്രമത്തില്‍ മുസ്‌ലിം ലോകം വലിയ ആശങ്കയിലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂ കിയെ നേരിട്ടറിയിച്ചു. അക്രമസംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കായി തുര്‍ക്കി വിദേശകാര്യ മന്ത്രി മ്യാന്മറിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോകുമെന്നും ഉര്‍ദുഗാന്‍ അറിയിച്ചു.
റാഖേനില്‍ റോഹിംഗ്യകള്‍ക്കെതിരെ സൈനികര്‍ അക്രമം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് 400 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 1,25,000 പേര്‍ ബംഗ്ലാദേശിലേക്ക് കുടിയേറുകയും ചെയ്തതിനു പിന്നാലെയാണ് തുര്‍ക്കി ഇടപെട്ടത്. അഭയാര്‍ഥികള്‍ക്കായി ബംഗ്ലാദേശ് വഴി തുറന്നിടണമെന്നും എല്ലാ സഹായവും ചെയ്യാമെന്നും നേരത്തെ തുര്‍ക്കി അറിയിച്ചിരുന്നു. ഇതു ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് വിദേശകാര്യ മന്ത്രിയെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് ഉര്‍ദുഗാന്‍ അറിയിച്ചത്.
റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉര്‍ദുഗാന്‍ സൂ കിയെ അറിയിച്ചു. ഫോണില്‍ വിളിച്ചാണ് സൂ കിയെ ഉര്‍ദുഗാന്‍ ആശങ്ക അറിയിച്ചത്. റോഹിംഗ്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് അദ്ദേഹം സൂ കിയുമായി ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ അപലപിച്ച ഉര്‍ദുഗാന്‍, സാധാരണക്കാരെ ലക്ഷ്യംവച്ചുള്ള സൈനിക നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടോടെ തുര്‍ക്കി വിദേശകാര്യ മന്ത്രി മേവ്‌ലു ഗാവ്‌സോഗല്‍ ബംഗ്ലാദേശിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."